വിദേശ കാര്യ മന്ത്രി ജയ്ശങ്കർ കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബയെ സന്ദർശിച്ചു , മോദിയുടെ കത്ത് കൈമാറി.

  • 10/06/2021

കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനെ സെയ്ഫ് കൊട്ടാരത്തില്‍ സ്വീകരിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് ഡോ. എസ് ജയശങ്കര്‍ കുവൈത്ത് പ്രധാനമന്ത്രിക്ക് കൈമാറി. 

ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ അറുപതാം വാർഷികത്തിൽ ജയശങ്കര്‍ രാജ്യത്തിന്‍റെ ആശംസകൾ അറിയിച്ചു. ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതല്‍ ഉയര്‍ന്ന തലങ്ങളിലേക്ക് കൊണ്ട് പോകുന്നതിനുള്ള അദ്ദേഹത്തിന്‍റെ പ്രതിജ്ഞാബദ്ധതയെ അഭിനന്ദിച്ചതായി കുവൈത്ത് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കര്‍ ട്വീറ്റ് ചെയ്തു. 

കൊവിഡ് 19ന് എതിരെയുള്ള ഒന്നിച്ചുള്ള പോരാട്ടത്തിലൂടെ ചരിത്രപരമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം കുറിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹും,  കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജ്  എന്നിവർ കൂടിക്കാഴ്ചയില്‍ ഒപ്പമുണ്ടായിരുന്നു. ബുധനാഴ്ച രാത്രിയാണ് ഡോ. എസ് ജയശങ്കര്‍ കുവൈത്തില്‍ എത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ആറിന് ഇന്ത്യന്‍ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്.

Related News