ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ്; സഹകരണത്തിനുള്ള ധാരണ സ്വാഗതം ചെയ്ത് ഇന്ത്യ, കുവൈത്ത് വിദേശകാര്യ മന്ത്രിമാര്‍

  • 10/06/2021

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ്  സംബന്ധിച്ച് ഒപ്പിട്ട ധാരണാപത്രത്തെ സ്വാഗതം ചെയ്ത് ഇന്ത്യ, കുവൈത്ത് വിദേശകാര്യ മന്ത്രിമാര്‍. ധാരണാപത്രം കുവൈത്തിലുള്ള ഇന്ത്യൻ ഗാർഹിക തൊഴിലാളികളെ നിയമപരമായ ചട്ടക്കൂടിന്റെ പരിധിയിൽ കൊണ്ട് വരുന്നതാണ്. 

ഒപ്പം അവരുടെ നിയമനത്തെ കാര്യക്ഷമമാക്കുകയും അവർക്ക് നിയമ പരിരക്ഷ നൽകുകയും ചെയ്യും. കൂടാതെ, നിശ്ചിത കാലയളവില്‍ അവലോകനത്തിനും വിലയിരുത്തലിനുമായി ഒരു സംയുക്ത കമ്മിറ്റി രൂപീകരിച്ച് ധാരണപത്രം നടപ്പാക്കുന്നത് സംബന്ധിച്ച് വാർഷിക ചര്‍ച്ചകള്‍ നടത്താനും വ്യവസ്ഥ ചെയ്യുന്നുണ്ട്. 

കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിന്‍റെയും കുവൈത്ത് വിദേശകാര്യ സഹമന്ത്രി മജ്ദി അഹമ്മദ് അൽ  ദാഫിരിയുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്. കുവൈത്ത് വിദേശകാര്യ മന്ത്രി അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും നയതന്ത്ര ചര്‍ച്ചകളും നടത്തി. 

കുവൈത്ത് വാണിജ്യ വകുപ്പ് മന്ത്രി ഡോ. അബ്‍ദുള്ള ഇസ്സാ അല്‍ സല്‍മാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഉഭയകക്ഷി ബന്ധത്തെ കുറിച്ച് ഇരുപക്ഷവും അകലോകനം ചെയ്തു. പ്രാദേശികമായുള്ള സംഭവങ്ങളെ കുറിച്ചും ആഗോളപരമായുമുള്ള പ്രശ്നങ്ങളെ കുറിച്ചും ഇരുരാജ്യങ്ങളുടെയും അഭിപ്രായങ്ങളും പങ്കുവെച്ചു. 

കൊവിഡ് 19 മഹാമാരി മൂലമുണ്ടായ പ്രതിസന്ധികളെ കുറിച്ചും ഇരുമന്ത്രിമാരും ചര്‍ച്ച ചെയ്തു. മഹാമാരിയോട് ഒന്നിച്ച് പോരാടാനും ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ അനുഭവിക്കുന്ന യാത്രാ നിയന്ത്രണങ്ങളും വാക്സിനേഷന്‍ സംബന്ധിച്ച പ്രശ്നങ്ങളും പരിഹരിക്കാനുള്ള പ്രതിജ്ഞാബദ്ധതും മന്ത്രിമാര്‍ ആവര്‍ത്തിച്ചു. 

ഭക്ഷ്യസുരക്ഷ, സൈബര്‍ സുരക്ഷ, ഊര്‍ജ്ജ മേഖലയിലെ സഹകരണം കൂടാതെ കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.  ഇന്ത്യ-കുവൈത്ത് ജോയിന്‍റ് കമ്മീഷന്‍റെ ആദ്യ യോഗം ഈ വര്‍ഷം അവസാനത്തോടെ നടത്താനും ധാരണയായിട്ടുണ്ട്. 

ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്‍റെ അറുപതാം വാർഷികത്തിന്‍റെ സംയുക്ത ആഘോഷങ്ങള്‍ക്കും യോഗത്തില്‍ തുടക്കമിട്ടു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് സംഘടിപ്പിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തോട് പോരാടുന്നതിന് കൈത്താങ്ങി ഓക്സിജന്‍ ഉള്‍പ്പെടെ എത്തിച്ചതിന് ഇന്ത്യയുടെ നന്ദി ഡോ. എസ് ജയശങ്കര്‍ അറിയിച്ചു.

Related News