ഈദുൽ അദ്ഹ: ബലിമൃഗത്തിന്‍റെ വില പ്രഖ്യാപിച്ച് സാമൂഹ്യകാര്യ മന്ത്രാലയം

  • 12/06/2021

കുവൈത്ത് സിറ്റി : ഈദുൽ അദ്ഹയുടെ  ഭാഗമായി  ഉളുഹിയത്തിനായുള്ള ബലിമൃഗത്തിന്‍റെ വില സാമൂഹ്യകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതനുസരിച് രാജ്യത്തെ ചാരിറ്റി സൊസൈറ്റിക്ക് ഒരു ബലി മൃഗത്തിനായി എഴുപത് ദിനാര്‍ ഈടാക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ബലിപെരുന്നാല്‍ അടുത്തിരിക്കേ രാജ്യത്തെ നിരവധി ചാരിറ്റി സംഘങ്ങളാണ് ബലികര്‍മ്മത്തിനായി പോര്‍ട്ടലുകള്‍ ആരംഭിച്ചത്.  പലസ്തീൻ, ഫിലിപ്പീൻസ്, സിറിയ, അൽബേനിയ, യെമൻ, താജിക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ  രാജ്യങ്ങളില്‍ നിന്നാണ് ബലിമൃഗങ്ങളെ  ഇറക്കുമതി ചെയ്യുവാന്‍ വ്യാപാരികള്‍ക്ക്  ഈ വര്‍ഷം അനുമതി നല്‍കിയിരിക്കുന്നത്. 

ചൂടുകാലമായതിനാൽ വിമാനം വഴി മാത്രം  ബലിമൃഗങ്ങളെ കൊണ്ടുവരുന്നത് വില വര്‍ദ്ധിക്കുവാന്‍ കാരണമായിട്ടുണ്ട്. പെരുന്നാൾ അടുക്കുമ്പോഴേയ്ക്കും മറ്റു രാജ്യങ്ങളിൽ നിന്നുകൂടി കൂടുതൽ ആടുകളെത്തുമെന്നും വില കുറയുകയും കച്ചവടം കൂടുകയും ചെയ്യുമെന്നുമാണ് വ്യാപാരികള്‍  പ്രതീക്ഷിക്കുന്നത്.  

പെരുന്നാൾ ദിനത്തിലും തുടർന്നുള്ള മൂന്നു ദിവസങ്ങളിലുമാണ് ഇസ്‌ലാം മത വിശ്വാസികൾ ബലി കർമം നടത്തുക. ഈ സമയത്താണ് മൃഗങ്ങളുടെ ആവശ്യകതയും വിലയും വർധിക്കുന്നത്. ദൈവ കൽപനയെ തുടർന്നു പ്രവാചകൻ ഇബ്രാഹിം നബി മകൻ ഇസ്മയിലിനെ ബലി നടത്താനൊരുങ്ങിയതിന്റെ ത്യാഗ നിർഭരമായ സംഭവത്തെ അനുസ്മരിച്ചുകൊണ്ടാണ്  മൃഗ ബലി നടത്തി വിശ്വാസികൾ മാംസം വിതരണം ചെയ്യുന്നത്. 

Related News