'കുവൈത്തിൽ രക്തം ദാനം ചെയ്യുന്നവരില്‍ കൂടുതലും ഇന്ത്യൻ യുവാക്കൾ' അംബാസിഡർ സിബി ജോർജ്.

  • 15/06/2021

കുവൈത്ത് സിറ്റി: കുവൈത്തിൽ രക്തം ദാനം ചെയ്യുന്നവരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ യുവാക്കളാണെന്നതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്. കുവൈത്ത് ആരോഗ്യ മന്ത്രാലയവും രാജ്യവും രക്തം ദാനം ചെയ്യുന്നതിനുള്ള ഇന്ത്യക്കാരുടെ ശ്രമങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്. രക്ത ദാതാക്കളായ ഇന്ത്യന്‍ ഹീറോകളെ ആദരിക്കുന്നതിനായി നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രക്തദാന ക്യാമ്പുകള്‍ മുടങ്ങാതെ നടത്തുന്ന അസോസിയേഷനുകളെയും സംഘടനകളെയും സ്ഥാനപതി പ്രശംസിച്ചു. വിവിധ രക്ത ഗ്രൂപ്പുകളിലായി 2,500 ദാതാക്കളെ ചേര്‍ത്ത് പ്രവര്‍ത്തിക്കുന്ന ബ്ലഡ് ഡോണേഴ്സ് കേരളയെ കുറിച്ച് അദ്ദേഹം എടുത്ത് പറഞ്ഞു. 

ഈ മഹാമാരി കാലത്ത് വിശ്രമമില്ലാതെ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. എംബസി നടത്തുന്ന ഗാര്‍ഹിക തൊഴിലാളി അഭയകേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം അവിടെ നല്‍കുന്ന സേവനങ്ങളെ  അദ്ദേഹം പ്രശംസിച്ചു. വേൾഡ് ബ്ലഡ് ഡോണർ ഡേയോട് അനുബന്ധിച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.

കുവൈത്തിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ അഡ്മിനിസ്ട്രേഷൻ സർവീസസ് ഡയറക്ടർ ഡോ. ഹനൻ അൽ അവാദി ഓൺലൈൻ ആയി ചടങ്ങിൽ പങ്കെടുത്തു. കുവൈത്തിലെ ഇന്ത്യൻ ഡോക്ടർസ് ഫോറം പ്രസിഡൻറ് ഡോ. അമീർ അഹമ്മദ്, ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഉള്ള സബാ മെറ്റേണിറ്റി ഹോസ്പിറ്റലിലെ ഡോ. സദാഫ് ആലം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. 

Related News