നോവാവാക്‌സ് ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ

  • 15/06/2021

ന്യൂ ഡെൽഹി: അമേരിക്കയുടെ കൊറോണ വാക്‌സിനായ നോവാവാക്‌സ് ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ. നോവാവാക്‌സുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രതീക്ഷ നൽകുന്നതാണ്. കൊറോണയ്ക്കെതിരെ കൂടുതൽ ഫലപ്രദമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് ഇതിന്റെ ക്ലിനിക്കൽ പരീക്ഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രസർക്കാരിന്റെ വിദഗ്ധ സമിതി അംഗം ഡോ വി കെ പോൾ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് നോവാവാക്‌സ് ഉൽപ്പാദിപ്പിക്കുക. കോവാവാക്‌സ് എന്ന പേരിലാണ് ഇന്ത്യൻ വിപണിയിൽ എത്തിക്കുക.

ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ പ്ലസ് വകഭേദത്തെ കുറിച്ച്‌ പഠിച്ച്‌ വരികയാണ്. ആശങ്കപ്പെടേണ്ട വകഭേദമാണ് എന്ന തരത്തിൽ ഇതുവരെ തരംതിരിച്ചിട്ടില്ല. ആന്റിബോഡി മിശ്രിതം ഇതിന് ഫലപ്രദമല്ല എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇവയെല്ലാം പരിശോധിച്ച്‌ വരികയാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ രണ്ടാംതരംഗത്തിൽ ഡെൽറ്റ വകഭേദമാണ് സുപ്രധാന പങ്കുവഹിച്ചത്. എന്നാൽ നിലവിൽ വൈറസ് വ്യാപനം കുറഞ്ഞിട്ടുണ്ട്. ക്ലസ്റ്റർ കേസുകൾ പൂർണമായി നിയന്ത്രണവിധേയമാക്കേണ്ടതുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച്‌ തീവ്രവ്യാപനശേഷിയുള്ള കൊറോണ വകഭേദത്തിനെതിരെയാണ് രാജ്യം പോരാടുന്നത്. അതുകൊണ്ട് തന്നെ അതീവജാഗ്രതയാണ് പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിന കൊറോണ കേസുകളിൽ 85 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായി ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. പ്രതിദിന കൊറോണ കേസുകൾ ഏറ്റവും ഉയരത്തിൽ നിന്ന ദിവസങ്ങളെ അപേക്ഷിച്ചാണ് വ്യാപനത്തിൽ കുറവുണ്ടായതെന്നും അദ്ദേഹം അറിയിച്ചു.

Related News