ബ്ലാക്ക് ഫംഗസിന് പിന്നാലെ രാജ്യത്ത് ഗ്രീൻ ഫംഗസും സ്ഥിരീകരിച്ചു

  • 16/06/2021

ഇന്ദോർ: രാജ്യത്ത് ബ്ലാക്ക് ഫംഗസിന് പിന്നാലെ ഗ്രീൻ ഫംഗസും സ്ഥീരികരിച്ചു. ഇന്ദോർ സ്വദേശിയിലാണ് ഗ്രീൻ ഫംഗസ് കണ്ടെത്തിയത്. കൊറോണ രോഗമുക്തി നേടിയതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് ഗ്രീൻ ഫംഗസ് കണ്ടെത്തിയത്. മധ്യപ്രദേശിൽ ചികിത്സയിലിരുന്ന ഇയാളെ വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് മാറ്റി.

ഇയാളിൽ ബ്ലാക്ക് ഫംഗസ് രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൊറോണ രോഗമുക്തി നേടിയ ഇയാളെ വിശദ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഗ്രീൻ ഫംഗസ് കണ്ടെത്തിയതെന്ന് ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടറായ രവി ദോസി പറഞ്ഞു.

രക്തം, ശ്വാസകോശം, സൈനസുകൾ എന്നിവയിലാണ് രോഗബാധ കണ്ടെത്തിയതെന്നും ഡോക്ടർ വ്യക്തമാക്കി. ഗ്രീൻ ഫംഗസിന്റെ സ്വഭാവത്തെ കുറിച്ച് കൂടുതൽ പഠനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഇന്ദോർ സ്വദേശിയായ രോഗിയെ കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഒരു മാസത്തോളം ഇയാൾ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. പിന്നീട് കൊറോണ മുക്തിയുണ്ടായെങ്കിലും കടുത്ത പനി തുടരുകയായിരുന്നു. മൂക്കിലൂടെ രക്തം വരികയും ചെയ്തിരുന്നു. ഭാരം കുറഞ്ഞത് മൂലം രോഗി അതീവ ക്ഷീണതനായിരുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു.

Related News