ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാൻ കൊവിഷീൽഡിന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദം

  • 17/06/2021

ന്യൂ ഡെൽഹി: കൊറോണയുടെ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാൻ കൊവിഷീൽഡിന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമാണെന്ന് കൊറോണ വർക്കിങ് ഗ്രൂപ്പ് മേധാവി ഡോ.എൻ.കെ.അറോറ. വാക്‌സിൻ നൽകുന്ന പ്രതിരോധം വളരെ മികച്ചതാണെന്നാണ് പഠനങ്ങൾ പറയുന്നത്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ഗവേഷണസംഘം കോവിഷീൽഡ് വാക്‌സീന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമാണെന്നും, രണ്ട് ഡോസ് എടുക്കുന്നതോടെ 65 ശതമാനം ഫലപ്രാപ്തി ലഭിക്കുമെന്നും കണ്ടെത്തിയതായി ഡോ.അറോറ പറഞ്ഞു.

കൊവിഷീൽഡും കൊവാക്‌സിനും എടുത്തവർക്കുള്ള സുരക്ഷ സമാനമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടൺ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വാക്‌സിന്റെ ഇടവേള 12 ആഴ്ചയായി വർദ്ധിപ്പിച്ചിരുന്നു. ഏപ്രിലിൽ ഇംഗ്ലണ്ടിലെ പൊതു ആരോഗ്യ സംവിധാനം 12 ആഴ്ച ഇടവേളയിൽ രണ്ടാം ഡോസ് എടുക്കുന്നത് 65 മുതൽ 80 ശതമാനം വരെ ഫലപ്രാപ്തി വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ആദ്യ ഘട്ടത്തിൽ വാക്‌സിൻ ആദ്യ ഡോസിന് നാല് ആഴ്ചയ്ക്കുശേഷം രണ്ടാം ഡോസ് എടുത്താൽ മതിയെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

മെയ് 13ന് ഇന്ത്യൻ ആരോഗ്യമന്ത്രാലയം വാക്‌സീൻ ഡോസുകളുടെ ഇടവേള 6-8 ആഴ്ചയിൽനിന്ന് 12-16 ആഴ്ചയായി വർധിപ്പിച്ചു. ഈ സമയം രാജ്യത്ത് രോഗികൾ വല്ലാതെ ഉയരുകയും വാക്‌സിന് ക്ഷാമം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതോടെ വാക്‌സിൻ ഡോസ് ഇടവേള വർദ്ധിപ്പിച്ചത് വാക്‌സിൻ ക്ഷാമം മൂലമാണെന്ന അഭ്യൂഹവും ഉയർന്നിരുന്നു.

Related News