രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യം

  • 03/05/2020

കുവൈറ്റ് സിറ്റി : കൊറോണ വൈറസ് ഭീഷണിയുടെ സാഹചര്യത്തില്‍ രാജ്യത്ത് 14 ദിവസം സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കണമെന്ന് പബ്ലിക് ഹെൽത്ത് ടീം സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതായി അല്‍ സിയാസ പത്രം റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ഫഹദ് അൽ ഗംലാസാണ് പഠന റിപ്പോര്‍ട്ട് അണ്ടർസെക്രട്ടറി ഡോ. മുസ്തഫ റെഡയ്ക്ക് സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിൽ രാജ്യത്ത് മുഴുവനായും 14 ദിവസത്തേക്കെങ്കിലും സമ്പൂര്‍ണ്ണ ലോക്ക്ഡ ഡൌണ്‍ നീട്ടാനും കര്‍ഫ്യൂ സമയം നീട്ടാനും നിര്‍ദ്ദേശങ്ങളുണ്ട്. വിദേശത്ത് നിന്നും തിരിച്ചെത്തിയ പൗരന്മാർ ബന്ധുക്കളുമായി സമ്പർക്കം പുലര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ ഹോം ക്വാറൻറൈൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അതിനായി ഇ-മോണിറ്ററിംഗ് സംവിധാനം കര്‍ശനമാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഓരോ രോഗിയുടെയും ആരോഗ്യസ്ഥിതിയും പോളിമറൈസേഷൻ ടെസ്റ്റിന്റെ (പിസിആർ) ലഭ്യതയും അനുസരിച്ച് രോഗികളെ ഫീൽഡ് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിനുള്ള കൃത്യമായ നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. ഒരു ദിവസത്തുന്നുള്ളില്‍ തന്നെ രണ്ട് ടെസ്റ്റുകള്‍ ഇവരില്‍ നടത്തണം.തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവര്‍ക്ക് എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ സാമ്പിള്‍ ടെസ്റ്റ് നടത്തണം.പിസിആര്‍ ടെസ്റ്റിന്റെ അഭാവത്തില്‍ ഡോക്ടറുടെ വിശദമായ വിലയിരുത്തലിന് ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.രോഗലക്ഷണങ്ങള്‍ പൂര്‍ണമായി മാറി മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് ഡിസ്ചാര്‍ജ് ചെയ്യേണ്ടത്. മാത്രമല്ല, ഫീല്‍ഡ് ഹോസ്പിറ്റലുകളില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്നവര്‍ 14 ദിവസത്തെ ഐസോലേഷന്‍ പൂര്‍ത്തിയാക്കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്കായി ആരോഗ്യ അണ്ടർസെക്രട്ടറി ഡോ. മുസ്തഫ റെഡ മറ്റ് മന്ത്രാലയങ്ങള്‍ക്ക് അയച്ചതായി ആരോഗ്യ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍-സിയാസ റിപ്പോര്‍ട്ട് ചെയ്തു.

Related News