ഇന്ത്യന്‍ എംബസി അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിച്ചു; വ്യക്തികളെയും സമൂഹങ്ങളെയും ഒന്നിപ്പിക്കുന്നതിനുള്ള ശക്തി യോഗയ്ക്കുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതി.

  • 18/06/2021

കുവൈത്ത് സിറ്റി: കൊവിഡിനെ നേരിടുന്നതില്‍ ഇന്ത്യന്‍ സമുഹത്തെ പിന്തുണയ്ക്കുകയും പ്രത്യേകമായി പരിഗണിക്കുകയും ചെയ്ത കുവൈത്ത് അധികാരികള്‍ക്ക് നന്ദി പറഞ്ഞ് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെ പിന്തുണയ്ക്കുന്നതിനും രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും നേതൃത്വം നല്‍കുന്നതിന് കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനും കിരീടാവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനും നന്ദി പറയുന്നുവെന്ന് അദ്ദേഹം പറ‌ഞ്ഞു. 

അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയമായും  അന്തർദ്ദേശീയമായും  കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ പ്രാധാന്യം കൊവിഡ് മനസിലാക്കി തന്നു. ലോകത്തിലെ ഒരു രാജ്യവും ഈ മഹാമാരിയെ പ്രതിരോധിച്ചിട്ടില്ല. പരസ്പരബന്ധിതമായ ഈ ലോകത്ത് നമ്മുക്ക് ഒറ്റപ്പെട്ടു ജീവിക്കാനുമാകില്ല. 

അതുകൊണ്ട് ഒറ്റക്കെട്ടായി നിന്ന് മഹാമാരിയെ നമുക്ക് ചെറുത്തു തോല്‍പ്പിക്കാമെന്ന് അദ്ദേഹം അഹ്വാനം ചെയ്തു. മഹാമാരിക്കെതിരെയുള്ള പരിഹാരം വാക്സിനുകളാണ്. ഇപ്പോള്‍ ലോകമെമ്പാടും വാക്സിന്‍ വിതരണം നടക്കുകയാണ്. വാക്സിന്‍ വികസനത്തിലും ഉത്പാദനത്തിലും വിതരണത്തിലും ലോകത്തിന്‍റെ ഫാര്‍മസി എന്ന നിലയില്‍ ഇന്ത്യ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നു എന്നത് സന്തോഷം പകരുന്നു. 

ഇന്ത്യയിലെ രോഗമുക്തി നിരക്ക് ഇന്ന് 96.03 ശതമാനവും ആയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗ യഥാര്‍ത്ഥത്തില്‍ ലോകത്തിന്‍റേതാണ്. വളരെ കാലത്തെ അന്വേഷണങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും തപസ്സിനും ശേഷമാണ് ഋഷിമാര്‍ യോഗയെ കണ്ടെത്തിയത്. ഒരു മാസം മുമ്പ് ആയുഷ് ഇന്‍ഫര്‍മേഷന്‍ സെല്‍ എംബസിയില്‍ ആരംഭിച്ചിരുന്നു. 

കൂടാതെ അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്‍റെ കര്‍ട്ടണ്‍ റൈസറും സംഘടിപ്പിച്ചു. തുടര്‍ന്ന് ഒരു മാസത്തിനിടെ നിരവധി മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചു. ഇതില്‍ പങ്കാളികളായവര്‍ക്കെല്ലാം സ്ഥാനപതി നന്ദി പറഞ്ഞു. കൂടാതെ, യോഗയുടെ ഗുണങ്ങളെ കുറിച്ചും അദ്ദേഹം വാചാലനായി.

നിരവധി പ്രമുഖരുടെ വീഡിയോ സന്ദേശങ്ങളും, യോഗ പ്രദർശനവും, ദേശഭക്തിഗാനങ്ങളും അവതരിപ്പിച്ച ചടങ്ങിൽ ഓൺലൈൻ ആയി  പതിനായിരത്തോളം ആളുകൾ പങ്കെടുത്തു.

Related News