വിദേശികള്‍ക്ക് വീണ്ടും തിരച്ചടി; പുതിയ തൊഴില്‍ വിസകള്‍ നല്‍കുന്നത് നീളുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍

  • 18/06/2021

കുവൈത്ത് സിറ്റി : പുതിയ തൊഴില്‍ വിസകള്‍ നല്‍കുന്ന വിഷയത്തില്‍ തീരുമാനം നീളുവാനാണ് സാധ്യതയെന്ന് റെസിഡൻസി അഫയേഴ്‌സ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രൂക്ഷമായ  സാഹചര്യത്തില്‍ ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് താൽക്കാലികമായി തൊഴിൽ വിസ അനുവദിക്കുന്നത് നിർത്തിവെക്കുവാന്‍ 2020 മാര്‍ച്ചിലാണ്  മന്ത്രിസഭ ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത് . ആഗോള തലത്തില്‍ കൊവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായ ശേഷമേ വിസ നൽകൽ പുനഃരാരംഭിക്കൂയുള്ളൂവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

സന്ദര്‍ശക വിസകള്‍ നല്‍കുന്നതിനും പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിനും കൊറോണ സുപ്രിം കമ്മിറ്റിയുടെയും മന്ത്രിസഭയുടെയും അനുമതി ആവശ്യമാണ്‌. നേരത്തെ വിദേശികള്‍ക്ക് യാത്ര നിരോധനം ഏര്‍പ്പെടുത്തിയ  സാഹചര്യത്തില്‍ താമസ രേഖ പുതുക്കുവാനായി കുവൈത്ത് സൗകര്യമേര്‍പ്പെടുത്തിയിരുന്നു. അതിനിടെ സാധുവായ താമസ രേഖയും കുവൈത്ത് അംഗീകൃത രണ്ട് ഡോസ് വാക്സിനേഷന്‍ സ്വീകരിച്ച  പ്രവാസികൾക്ക്  ഓഗസ്റ്റ് 1 മുതൽ  കുവൈത്തിൽ പ്രവേശിക്കാൻ അനുവാദം നല്‍കിയത് വിദേശികള്‍ക്ക് അല്‍പ്പം  ആശ്വാസമായി.

നിലവിൽ രാജ്യത്ത്​ വിവിധ മേഖലകളിൽ തൊഴിലാളികളുടെ വൻ ക്ഷാമമാണുള്ളത്​. നിർമാണ മേഖലയിലടക്കം തൊഴിലാളികളുടെ ആവശ്യമുണ്ട്​. കോവിഡിന്​ ശേഷം ​കഫ്​റ്റീരിയ അടക്കമുള്ള കടകൾ, ​വിവിധ സ്​ഥാപനങ്ങളി​ൽ ഡ്രൈവർ തുടങ്ങിയ വിഭാഗം തൊഴിലാളികളുടെ വൻ ആവശ്യമുണ്ട്​. എൻജിനീയറിങ്​ അടക്കമുള്ള പ്രഫഷനൽ മേഖലയിലും ജോലിക്കാരെ ആവശ്യമുണ്ട്​. കോവിഡ്​ പ്രതിസന്ധിയിൽ ആയിരക്കണക്കിന്​ ഇന്ത്യക്കാരടക്കമുള്ളവരാണ്​ നാട്ടിലേക്ക്​ തിരിച്ചുപോയതും നിരവധി കമ്പിനികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 

Related News