കുവൈത്തിൽ 60 വയസ് കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍; തീരുമാനത്തില്‍ ഭേദഗതി വന്നേക്കും

  • 20/06/2021

കുവൈത്ത് സിറ്റി: അറുപത് വയസ് കഴിഞ്ഞ സര്‍വ്വകലാശാല ബിരുദം ഇല്ലാത്ത പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഭേദഗതി വന്നേക്കും. ഈ വര്‍ഷത്തിന്‍റെ തുടക്കം മുതല്‍ ഈ തീരുമാനത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. 

ഇപ്പോള്‍ ഭേദഗതിക്കുള്ള സാധ്യതകളാണ് തെളിഞ്ഞ് വരുന്നത്. വിഷയത്തില്‍ പുനപരിശോധന നടത്താന്‍ വാണിജ്യ മന്ത്രി ഡോ. അബ്‍ദുള്ള അല്‍ സല്‍മാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി ഭേദഗതിയുടെ കരട് മന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 

അടുത്തയാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. 60 വയസ് കഴിഞ്ഞ സര്‍വ്വകലാശാല ബിരുദം ഇല്ലാത്ത പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിന് 2000 കുവൈറ്റ്  ദിനാറില്‍ തുടങ്ങുന്ന ഫീസ് ഈടാക്കണമെന്ന് മുമ്പ് നിര്‍ദേശം വരുന്നു. 

വിദഗ്ധ സമിതിയുടെ ഭേദഗതിയില്‍ ഇത് 1000 കുവൈത്തി ദിനാര്‍ ആയി കുറച്ചിട്ടുണ്ട്. ഒപ്പം 700 കുവൈറ്റ് ദിനാറില്‍ കുറയാത്ത പ്രീമിയം ഉള്ള സ്വകാര്യ ഇന്‍ഷുറന്‍സിന്‍റെ രേഖയും ഹാജരാക്കേണ്ടി വരുമെന്നും വൃത്തങ്ങള്‍ പറഞ്ഞു.

Related News