വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് യാത്രാനിരോധനം; ഭരണഘടനാവിരുദ്ധമെന്ന് എംപിമാർ, പാർലമെന്റിനു സമീപം പ്രതിഷേധം.

  • 20/06/2021

കുവൈത്ത് സിറ്റി: വാക്സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിരോധനത്തിനെതിരെ വിമര്‍ശനവുമായി എംപിമാര്‍. പൗരന്മാർക്ക് യാത്ര ചെയ്യാനുള്ള അവകാശം നഷ്ടപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ ഭരണഘടനാ ലംഘനമാണ് നടത്തുന്നതെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി. 

പൗരന്മാർക്ക് നൽകിയിട്ടുള്ള സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് എംപി മെഹാല്‍ഹാല്‍ അല്‍ മുദ്ഹാഫ് പറഞ്ഞു. കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ മന്ത്രിസഭയുടെ പരാജയമാണ് ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പൗരന്മാരുടെ സ്വാതന്ത്ര്യം നിഷേധിക്കുകയും അവരെ തടയുകയും അല്ലാതെ ആരോഗ്യ മന്ത്രി ഡോ. ബാസല്‍ അല്‍ സബാഹിന് ഇനി കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നാണ് എംപി മുഹന്നാദ് അല്‍ സയറിന്‍റെ വിമര്‍ശനം. 

മറ്റ് രാജ്യങ്ങള്‍ സാധാരണ ജന ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിന്‍റെ അടുത്തെത്തി കഴിഞ്ഞു. എന്നാല്‍, ഇവിടെ  മോശത്തില്‍ നിന്ന് മഹാദുരിതത്തിലേക്ക് ആണ് മന്ത്രി കൊണ്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പാർലമെന്റിനു സമീപം  അൽ ഇറാദ സ്‌ക്വയറിൽ ബാനറുകളുമായി സ്വദേശികൾ പ്രധിഷേധം സംഘടിപ്പിച്ചിരുന്നു. 

Related News