ശമ്പളവും സബ്സിഡികളും നല്‍കുന്നതിലെ ആശങ്ക ; അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കുവൈത്തിന്‍റെ കടം ജിഡിപിയുടെ 75 ശതമാനത്തിലധികം വർധിക്കും ?

  • 20/06/2021

കുവൈത്ത് സിറ്റി: ശമ്പളവും സബ്സിഡികളും ജോലിയും നല്‍കുന്നത് വരുന്ന കാലയളവില്‍ വലിയ പ്രശ്നമായി മാറുമെന്ന് വൃത്തങ്ങള്‍. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടയിലും ദേശീയ അസംബ്ലിയുടെ സെഷനുകൾ പുനരാരംഭിക്കാനും ബജറ്റുകൾ അംഗീകരിക്കുന്നതിനെ കുറിച്ചും അനിശ്ചിതത്വം തുടരുകയാണ്. 

ഇതിനിടെ സാമ്പത്തിക പരിഷ്കരണ പദ്ധതികളിലൂടെ ശമ്പളം നൽകാനുള്ള കുവൈത്തിന്റെ സാഹചര്യങ്ങളെ കുറിച്ചുള്ള മൊഹല്‍ഹാല്‍ അല്‍ മുദഹാഫ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കാതെ ധനമന്ത്രി ഖലീഫ ഹമാദേഹ് ഒഴിഞ്ഞു മാറിയിരുന്നു. 

ബജറ്റിന് അംഗീകാരം നല്‍കുന്നതിന് മുമ്പ് സെഷൻ മാറ്റിവയ്ക്കാനാകുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, ബജറ്റിന് അംഗീകാരം നല്‍കാത്തത് ശമ്പളത്തെ ബാധിക്കില്ല. എന്നാല്‍, പല മേഖലകളെയും പദ്ധതികളെയും ബാധിക്കും. ഒപ്പം പൊതുചെലവുകള്‍ ചുരുക്കേണ്ടതായിട്ടും വരും. 

ഭാവി തലമുറയ്ക്കുള്ള ഫണ്ടിനായി ബജറ്റിന്റെ പത്ത് ശതമാനം മാറ്റിവയ്ക്കുന്നത് താത്കാലികമായി നിർത്തുന്നത് കമ്മി കുറയ്ക്കുന്നതിന് ഒരു പരിധിവരെ സഹായിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കുവൈത്തിന്‍റെ കടം, ജിഡിപിയുടെ 75 ശതമാനത്തിലധികം വർദ്ധിക്കുമെന്ന് കരുതപ്പെടുന്നതിനാല്‍ വായ്പയെടുക്കാതെ ഇത് ദീർഘകാലത്തേക്ക് പര്യാപ്തമാകില്ലെന്നും വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Related News