യാത്രക്കാരുടെ അന്വേഷങ്ങള്‍ക്കും രജിസ്ട്രേഷനുമായി പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ

  • 20/06/2021

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ അന്വേഷങ്ങള്‍ക്കും രജിസ്ട്രേഷനുമായി പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. ഇത് സംബന്ധമായി ജോലികള്‍ കമ്പനികള്‍ക്ക് കരാര്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. പല രാജ്യങ്ങളും വ്യോമയാന ഗതാഗതം പുനഃസ്ഥാപിച്ച സാഹചര്യത്തിൽ കുവൈത്തിലും ഗതാഗത സൗകര്യം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും  പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ രാജ്യത്തേക്ക് പുറത്തേക്കും അകത്തേക്കും വരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി അധികൃതര്‍ക്ക് കൈമാറുവാനും അതിലൂടെ യാത്ര എളുപ്പമാക്കുവാന്‍ സാധിക്കുമെന്നും ഡിജിസിഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

സാധുതയുള്ള വീസയുള്ള വാക്സീൻ സ്വീകരിച്ച സ്വദേശികള്‍ക്കാണ് ഇപ്പോള്‍ യാതനുമതി നല്‍കുന്നത്. അതിനിടെ വിദേശികള്‍ക്കും നിബന്ധനയോടെ ആഗസ്റ്റ്‌ ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശനം നല്‍കുവാന്‍ കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഫൈസർ, ആസ്ട്രസെനിക- ഓക്സ്ഫഡ്, മൊഡേണ,ജോൺസൺ ആൻഡ് ജോൺസൺ സ്വീകരിച്ച വിദേശികള്‍ക്കാണ് അനുമതി നല്‍കുക. രാജ്യത്ത് എത്തിയതിന് ശേഷം 3 ദിവസത്തിനകം പിസി‌ആർ പരിശോധന വേണമെന്നും ഫലം  നെഗറ്റീവാനെങ്കിൽ ക്വാറൻ‌റീൻ വേണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

അതിനിടെ പൊതുമരാമത്ത് മന്ത്രി ഡോ. റാണ അൽ ഫാരിസ് പുതിയ വിമാനത്താവള പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ഡിജിസിഎ മേധാവി ഷെയ്ഖ് അബ്ദുല്ല അൽ സബ കൂടെയുണ്ടായിരുന്നു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും വിമാനത്താവള പദ്ധതി പുരോഗമിക്കുകയാണെന്നും രാജ്യത്തെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നാണ് പുതിയ വിമാനത്താവള വികസനമെന്നും മന്ത്രി പറഞ്ഞു. തുര്‍ക്കിയിലെ ലിമാക് കണ്‍സ്ട്രക്ഷനും കുവൈത്തിലെ ഖറാഫി ഇന്‍റര്‍നാഷനലും ചേര്‍ന്നുള്ള കണ്‍സോര്‍ട്യമാണ് 131 കോടി ദീനാര്‍ ചെലവില്‍ വിമാനത്താവള വികസനം പൂര്‍ത്തിയാക്കുന്നത്. 1.2 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നു ചിറകുകളുടെ രൂപത്തില്‍  മൂന്നു ടെര്‍മിനലുകളാണ് നവീകരണഭാഗമായി നിര്‍മിക്കുന്നത്. ഒരൊറ്റ മേല്‍ക്കുരക്കുകീഴിലായിരിക്കും ഈ ടെര്‍മിനലുകള്‍. 25 മീറ്റര്‍ ഉയരമുള്ള സെന്‍ട്രല്‍ സ്പേസാണ് ടെര്‍മിനലിനുണ്ടാവുക. 4,500 കാറുകള്‍ക്ക് നിര്‍ത്തിയിടാന്‍ കഴിയുന്ന ബഹുനില പാര്‍ക്കിങ് സമുച്ചയം, ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കുള്ള ബജറ്റ് ഹോട്ടല്‍, വിശാലമായ അറൈവല്‍-ഡിപ്പാര്‍ച്ചര്‍ ഹാളുകള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുമുണ്ടാവും. 

Related News