പ്രവാസികളുടെ കുവൈത്തിലേക്കുള്ള തിരിച്ചുവരവ്; വിമാന ടിക്കറ്റ് നിരക്കില്‍ കുതിച്ചുചാട്ടം

  • 21/06/2021

കുവൈത്ത് സിറ്റി: ഓഗസ്റ്റ് മുതല്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണമെന്ന വ്യവസ്ഥയില്‍ കുവൈത്തിലേക്ക് പ്രവേശനം അനുവദിച്ചതോടെ രാജ്യത്തെ താമസക്കാരുടെ യാത്രാ ആവശ്യം ഉയരുന്നു. മന്ത്രിസഭാ തീരുമാനം വന്നത് വലിയ ആശ്വാസമാണ് താമസക്കാര്‍ക്ക് നല്‍കിയിട്ടുള്ളത്. 

വിമാനത്താവളം അടച്ചിട്ടിരുന്നതിനാല്‍ സ്വന്തം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെക്കുറിച്ചും തിരികെ വീണ്ടും ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നതിനെ കുറിച്ചും വലിയ ആശങ്കയിലായിരുന്നു താമസക്കാര്‍. എന്നാല്‍, മന്ത്രിസഭ തീരുമാനം വന്നതിന് പിന്നാലെ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നുണ്ട്. 

യാത്ര ലക്ഷ്യസ്ഥാനം അനുസരിച്ച് 50   മുതല്‍ 80  ശതമാനം വരെ ടിക്കറ്റ് നിരക്ക് കൂടിയിട്ടുണ്ട്. ഒപ്പം കുവൈത്ത് വിടാന്‍ ഉദ്ദേശിക്കുന്ന താമസക്കാരുടെ എണ്ണം കൂടിയതോടെ ടിക്കറ്റ് നിരക്കില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടായി. 

രാജ്യത്തേക്കുള്ള മടക്ക യാത്രയ്ക്ക് 35 യാത്രക്കാര്‍ എന്ന ക്വാട്ട ഏര്‍പ്പെടുത്തിയത് അടക്കമുള്ള പ്രശ്നങ്ങളാണ് ഉള്ളത്. അതോടൊപ്പം ദിവസേന കുവൈത്തിലേക്ക് പ്രവേശിക്കാവുന്നവരുടെ എണ്ണവും നിയന്ത്രിച്ചിട്ടുണ്ട്  അതും ടിക്കറ്റ് നിരക്കിലെ വർദ്ധനവിന് കാരണമാകും.  വേനല്‍ക്കാലം ആയതിനാല്‍ തുർക്കി, ജോർജിയ, ബോസ്നിയ, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. 

കുവൈത്ത് -ദുബൈ- കെയ്റോ ട്രാന്‍സിറ്റ് ടിക്കറ്റുകളുടെ നിരക്ക് 250 മുതല്‍ 300 ദിനാര്‍ വരെ എത്തി. വിമാന സര്‍വ്വീസുകളുടെ കുറവാണ് ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണമെന്ന് കുവൈത്തി ടൂറിസം ആന്‍ഡ് ട്രാവല്‍ ഓഫീസസ് ഫെഡറേഷന്‍ തലവന്‍ മുഹമ്മദ് അല്‍ മുത്തൈരി പറഞ്ഞു.

Related News