കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കുവൈത്ത് മന്ത്രിസഭ ; നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും.

  • 21/06/2021

കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ തുടരുവാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ സീഫ് പാലസില്‍ നടന്ന  യോഗത്തിലാണ് നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍  തുടരുവാന്‍ തീരുമാനിച്ചത്. രാജ്യത്തെ ആരോഗ്യ സാഹചര്യങ്ങളെ കുറിച്ച് യോഗത്തില്‍ ആരോഗ്യ മന്ത്രി ബാസില്‍ അല്‍ സബ വിശദീകരിച്ചു. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നതും മരണങ്ങളും തീവ്ര പരിചരണ രോഗികള്‍ വര്‍ദ്ധിക്കുന്നതും ഗൌരവത്തോടെയാണ് കാണുന്നതെന്നും അസ്ഥിരമായ ഇപ്പോയത്തെ സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശനമായ ആരോഗ്യ നിയന്ത്രണങ്ങള്‍ തുടരുന്നതാണ് അഭികാമ്യമെന്നും ആരോഗ്യ മന്ത്രി  ഡോ.ബാസില്‍ അല്‍ സബാഹ് മന്ത്രിസഭ യോഗത്തില്‍ വ്യക്തമാക്കി. 

രാജ്യത്തെ വാക്സിനേഷന്‍ കാമ്പയിന്‍ ദ്രുതഗതയിലാണ് പുരോഗമിക്കുന്നത്. ഇത് വരെയായി രാജ്യത്തെ മൊത്തം ജനസംഖ്യയുടെ  72.4 ശതമാനം ആളുകള്‍ക്ക് വാക്സിനേഷന്‍റെ ആദ്യ ഡോസ് നല്കിയിട്ടുണ്ട്. വാക്സിന്‍ സ്വീകരിക്കുന്നതും, മുന്‍കരുതലുകള്‍ പാലിക്കുന്നതും മാത്രമാണ് സുരക്ഷിതരായിരിക്കാനുള്ള ഏക മാര്‍ഗ്ഗം. കോവിഡ്  പകർച്ചവ്യാധിയെ നേരിടാനും ഇല്ലാതാക്കാനും  സര്‍ക്കാരിനോടപ്പം  ഒരു ടീമായി പ്രവർത്തിക്കുവാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും കൊറോണ വ്യാപനം ചെറുക്കാന്‍ എല്ലാവരും ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും  മന്ത്രിസഭ ആവശ്യപ്പെട്ടു.അതിനിടെ  രാജ്യത്ത് ഡെല്‍റ്റ വകഭേദം കണ്ടെത്തിയതും  പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും കൂടുതല്‍ കര്‍ശനമായ  നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Related News