24 മണക്കൂറില്‍ 86 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സീന്‍; റെക്കോര്‍ഡിട്ട് ഇന്ത്യ

  • 22/06/2021



ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വാക്‌സീന്‍ നയത്തില്‍ വരുത്തിയ മാറ്റത്തിനു പിന്നാലെ കഴിഞ്ഞ 24 മണക്കൂറില്‍ 86 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സീന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുവരെയുള്ള പ്രതിദിന വാക്‌സീന്‍ വിതരണത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. വാക്‌സീന്‍ നയത്തില്‍ വരുത്തിയ മാറ്റപ്രകാരം കേന്ദ്രീകൃത വാക്‌സീന്‍ വിതരണ രീതി ഇന്നലെയാണ് ആരംഭിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ കോവിന്‍ വെബ്‌സൈറ്റ് പ്രകാരം 86,16,373 വാക്‌സീന്‍ ഡോസുകളാണ് തിങ്കളാഴ്ച മാത്രം നല്‍കിയത്.ഏപ്രിലില്‍ ഒറ്റ ദിവസം 42,65,157 ഡോസുകള്‍ വിതരണം ചെയ്തതാണ് ഇതിനുമുന്‍പുള്ള ഉയര്‍ന്ന വാക്‌സിനേഷന്‍. റെക്കോര്‍!ഡുകള്‍ ഭേദിച്ചുള്ള വാക്‌സിനേഷന്‍ കണക്കുകള്‍ സന്തോഷം നല്‍കുന്നതാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.
modi.jpg


'വാക്‌സിനേഷനുകളുടെ എണ്ണത്തില്‍ ഈ റെക്കോര്‍ഡ് നേട്ടം സന്തോഷകരമാണ്. കോവിഡ്19നെ ചെറുക്കുന്നതിനുള്ള ഏറ്റവും ശക്തമായ ആയുധമാണ് വാക്‌സീന്‍. വാക്‌സീന്‍ എടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. പൗരന്മാര്‍ക്ക് വാക്‌സീന്‍ ലഭ്യമാക്കാന്‍ കഠിനമായി പരിശ്രമിക്കുന്ന എല്ലാ മുന്‍നിര പ്രവര്‍ത്തകരെയും അനുമോദിക്കുന്നു.'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

വിവധ സംസ്ഥാനങ്ങളില്‍നിന്നു പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ റെക്കോര്‍ഡ് വാക്‌സിനേഷനാണ് നടന്നത്. ഹരിയാനയില്‍ രണ്ടു ലക്ഷത്തോളം പേര്‍ ഇന്നലെ വാക്‌സീന്‍ സ്വീകരിച്ചതായാണ് വിവരം. ഏഴു ലക്ഷത്തോളം പേരെ ലക്ഷ്യംവച്ച് കര്‍ണാടക തുടങ്ങിയ വാക്‌സീന്‍ യജ്ഞം പത്തു ലക്ഷത്തോളം പേരിലാണ് അവസാനിച്ചത്. ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്‌സീന്‍ ഡോസുകള്‍ വിതരണംചെയ്തത് മധ്യപ്രദേശിലാണ്- 16,01,548 ഡോസുകള്‍. ഉത്തര്‍പ്രദേശ്-6,74,546, രാജസ്ഥാന്‍- 4,30,439, മഹാരാഷ്ട്ര- 3,78,945, ബംഗാള്‍-3,17,991 എന്നിങ്ങനെയാണ് മറ്റ് ഉയര്‍ന്ന കണക്കുകള്‍.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പ്രതിദിനം ഒരു കോടി ഡോസ് വാക്‌സീന്‍ രാജ്യത്തു വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 75 % വാക്‌സീന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്കു നല്‍കും. സ്വകാര്യമേഖല 25 % നല്‍കും. സ്വകാര്യ ആശുപത്രികളില്‍ വാക്‌സീന്‍ വിലയ്ക്കു പുറമേ 150 രൂപ സര്‍വീസ് ചാര്‍ജ് വാങ്ങാം. കോവിഷീല്‍ഡിന് 780 രൂപ, കോവാക്‌സിന്‍ 1410 രൂപ, സ്പുട്‌നിക് –വി 1145 രൂപ എന്നിങ്ങനെയേ പരമാവധി ഈടാക്കാവൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനും അറിയിച്ചിരുന്നു.

Related News