കുവൈത്തില്‍ കൊവിഡ് കേസുകളില്‍ വന്‍ വർദ്ധന, മരണ നിരക്കിൽ അറബ് ലോകത്തും ആഗോള തലത്തിലും ഏറ്റവും കുറവ്.

  • 22/06/2021

കുവൈത്ത് സിറ്റി: വാക്സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ മുന്നേറ്റം ഉണ്ടാകുമ്പോഴും കൊവിഡ് കേസുകളില്‍ കുവൈത്തില്‍ വന്‍ വര്‍ധനവ്. ഇന്നലെ പുതുതായി കൊവിഡ് ബാധിച്ചവരുടെ എണ്ണം 1935 ആയി ഉയര്‍ന്നു. 

2020 ഫെബ്രുവരിയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണിത്. പൊസിറ്റിവിറ്റി നിരക്ക് 14.3 ശതമാനമാണ്. രാജ്യത്തെ കൊവിഡ് സാഹചര്യങ്ങളെ കുറിച്ച് ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോ. ബാസല്‍ അല്‍ സബാഹ് മന്ത്രിസഭയില്‍ വിശദീകരണം നല്‍കിയിരുന്നു. 

കഴിഞ്ഞ  21 ദിവസത്തിനുള്ളിൽ കൊറോണ വൈറസ് മൂലമുണ്ടായ സങ്കീർണതകൾ കാരണം കുവൈത്തിൽ 102 മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ, രാജ്യത്ത് കൊറോണ മരണനിരക്ക് ഇപ്പോഴും ആഗോളതലത്തിൽ ഏറ്റവും താഴ്ന്ന നിലയിലാണ്, ഇത് 0.5% ആണ്. ആരോഗ്യ വ്യവസ്ഥയുടെ ഏകീകരണം, രോഗികളുമായി ഉപയോഗിക്കുന്ന ചികിത്സാ പ്രോട്ടോക്കോളുകളുടെ ഫലപ്രാപ്തി എന്നിവ മരണ നിരക്ക് കുറക്കുന്നതിന് സഹായമായി. 

കൊവിഡ് കേസുകളിലും മരണങ്ങളിലും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. വാക്സിനേഷനിലൂടെ സാമൂഹിക പ്രതിരോധ ശേഷി കൈവരുമെന്നാണ് ആരോഗ്യ മന്ത്രി വിശദീകരിച്ചത്. അതേസമയം, വാക്സിന്‍ നല്‍കുന്നതിന്‍റെ കാര്യത്തിലും കുവൈത്ത് റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ഒറ്റ ദിവസം 40000 ഓളം വാക്‌സിനേഷനാണ് കുവൈത്തിൽ നൽകിയത്. 

Related News