ജെറ്റ് എയർവെയ്‌സിനെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ദേശീയ കമ്പനി ട്രിബ്യൂണലിന്റെ അനുമതി

  • 22/06/2021


മുംബൈ: സാമ്പത്തിക ബാധ്യതയെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവെയ്സിനെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം. യുകെയിൽനിന്നുള്ള കാൾറോക് ക്യാപിറ്റലും യുഎഇയിലെ സംരംഭകരായ മുരാരി ലാൽ ജലാനും മുന്നോട്ടുവച്ച പദ്ധതിക്കാണ് ദേശീയ കമ്പനി ട്രിബ്യൂണൽ അനുമതി നൽകിയത്. ഇതിനായി കമ്പനികൾ 1375 കോടി രൂപ മുതൽ മുടക്കും. ആദ്യഘട്ടത്തിൽ 30 വിമാന സർവീസുകളുണ്ടാകും.

ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ച്‌ ആറുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി. 2020 ഒക്ടോബറിലാണ് ജെറ്റ് എയർവെയ്സിനെ ഏറ്റെടുക്കാൻ എസ്ബിഐയുടെ നേടതൃത്വത്തിലുള്ള കൺസോർഷ്യം പച്ചക്കൊടി കാട്ടിയത്. എയർലൈൻ ബിസിനസിൽ മുൻപരിചയമില്ലാത്ത ഗ്രൂപ്പുകളാണ് കാൾറോക്ക് ക്യാപിറ്റലും മുറാരി ലാൽ ജലാനും.

ഒരു ഘട്ടത്തിൽ 124 വിമാനങ്ങളുമായി രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയായി വളർന്ന ജെറ്റ് എയർവെയ്സ്, പിന്നീട് സാമ്പത്തിക പ്രതിസന്ധിയിലായി 2019 ഏപ്രിൽ 17നാണ് പ്രവർത്തനം അവസാനിപ്പിച്ചത്. നരേഷ് ഗോയലാണ് 1993-ൽ ജെറ്റ് എയർവെയ്സ് സ്ഥാപിച്ചത്.

Related News