ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു; യാത്രക്കാരുടെ ക്വാട്ട വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കുവൈത്തിലെ എയര്‍ലൈനുകള്‍

  • 23/06/2021

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങളുടെ ആകെ പ്രവര്‍ത്തനശേഷിയില്‍ കുവൈത്ത് എയര്‍വേയ്സ് കോര്‍പ്പറേഷന് ദിവസവും എത്തിക്കാനാകുന്നത് 1500 യാത്രക്കാരെയെന്ന് കണക്കുകള്‍. പ്രതിദിനം 5,000 യാത്രക്കാര്‍ക്ക് മാത്രമാണ് ആകെ അധികൃതര്‍ അനുമതി നല്‍കിയിട്ടുള്ളൂ. 

അതില്‍ 30 ശതമാനവും കുവൈത്ത് എയര്‍വേയ്സിന് തന്നെയാണ്. ഓരോ വിമാന സര്‍വ്വീസിലും 35 മുതല്‍ 80 വരെ യാത്രക്കാരാണ് എത്തുകയെന്നും വൃത്തങ്ങള്‍ വൃക്തമാക്കി. യാത്രക്കാര്‍ എത്തുന്നതിന് പ്രതിദിന നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ടിക്കറ്റ് നിരക്കിലെ കുതിച്ചുചാട്ടത്തിന് കാരണം. 

സീറ്റുകള്‍ കുറവായതിനാല്‍ കുവൈത്തിലേക്കുള്ള വിമാന  സര്‍വ്വീസുകളുടെ നിരക്ക് കാര്യമായി വര്‍ധിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്ന് മുതല്‍ സാധുവായ താമസവിസയുള്ള വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചതും ടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ കാരണമായി. 

തങ്ങളുടെ ചില സര്‍വ്വീസുകള്‍ ഒന്നിച്ചാക്കി എത്തിക്കാവുന്നതിന്‍റെ പരമാവധി യാത്രക്കാരെ എത്തിക്കാനാണ് കുവൈത്ത് എയര്‍വേയ്സ് പദ്ധതിയിടുന്നത്. ഒപ്പം യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ഡിജിസിഎയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യും.

Related News