ഗാര്‍ഹിക തൊഴിലാളികള്‍ക്കായി അനധികൃതമായി നടത്തുന്ന സ്വകാര്യ ഷെൽട്ടറുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്.

  • 23/06/2021

കുവൈത്ത് സിറ്റി :വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതിനായി അനധികൃതമായി സ്വകാര്യ ഏജന്റുമാർ നടത്തുന്ന സ്വകാര്യ ഷെൽട്ടറുകളെക്കുറിച്ച് എംബസ്സിക്ക് വിവരങ്ങള്‍ ലഭിച്ചതായും ഇത്തരം നിയമ ലംഘകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അംബാസഡർ സിബി ജോര്‍ജ്ജ് മുന്നറിയിപ്പ് നൽകി. ഇന്ത്യന്‍ എംബസ്സിയില്‍ സംഘടിപ്പിച്ച പ്രതിമാസ ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു  അദ്ദേഹം.സ്പോണ്സര്‍മാരുമായി പ്രശ്നങ്ങളുള്ള ഇന്ത്യൻ പൗരന്മാർക്ക് എംബസ്സി ഒരുക്കിയ അഭയകേന്ദ്രത്തില്‍ വരാമെന്നും മികച്ച സൗകര്യങ്ങളാണ്  അവിടെ സജ്ജീകരിച്ചിട്ടുള്ളതെന്നും അംബാസഡര്‍ വ്യക്തമാക്കി. 

രാജ്യത്ത് കോവിഡ് കേസുകള്‍ സമീപ ദിവസങ്ങളിൽ കൂടിവരികയാണെന്നും കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ മുൻകരുതലുകളും നിർദ്ദേശങ്ങളും കര്‍ശനമായി  പാലിക്കണമെന്ന് അംബാസഡർ സിബി ജോര്‍ജ്ജ് ഇന്ത്യന്‍ സമൂഹത്തോട് അഭ്യര്‍ഥിച്ചു.  എംബസ്സിയില്‍ ഇന്നും രണ്ട് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പാസ്സ്‌പോർട്ടിന്റെയോ താമസ രേഖയുടേയോ സാധുത അവസാനിക്കുന്നതിന് മൂന്ന് മാസം മുമ്പെങ്കിലും പാസ്‌പോർട്ടുകൾ പുതുക്കാനായി സമർപ്പിക്കണമെന്ന് അംബാസഡർ ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയില്‍ ജീവനക്കാർക്കിടയിൽ കൊറോണ കേസുകള്‍ വ്യപിച്ചതിനെ തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ എംബസ്സിയില്‍ കോൺസുലർ സേവനങ്ങളും പൊതു സേവനങ്ങളും നിര്‍ത്തിയിരുന്നു. പാസ്പോര്‍ട്ട് പുതുക്കലിനായി ഒരു വര്‍ഷം മുമ്പ് വരെ അപേക്ഷ സമര്‍പ്പിക്കാമെന്നും ഇപ്പോയത്തെ സാഹചര്യത്തില്‍ അവസാന നിമിഷം വരെ കാത്തിരിക്കുതെന്നും അദ്ദേഹം വ്യക്തമാക്കി. 

വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്‍റെ സന്ദർശനം ഇരു രാജ്യങ്ങളും തമിലുള്ള ബന്ധം ഊഷ്മളമാക്കാനും പ്രശ്നങ്ങൾ പരിഹരിക്കുവാനും സഹായിച്ചതായി അംബാസഡർ പറഞ്ഞു. യാത്ര നിരോധനം കാരണം രാജ്യത്തേക്ക് മടങ്ങനാകാതെ കഴിയുന്ന  കുടുംബങ്ങളുടെ വിഷയവും താമസരേഖ കഴിയാറായ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ പ്രശ്നങ്ങളും നേഴ്സുമാരുടെ റിക്രൂട്ട്മെന്റ് കാര്യങ്ങളും എഞ്ചിനിയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ വിഷയങ്ങളും  ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട മറ്റ്  നിരവധി  വിഷയങ്ങളും  മന്ത്രിയുടെ സന്ദര്‍ശന വേളയില്‍ കുവൈത്ത്  ഉന്നത അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയതായി സ്ഥാനപതി പറഞ്ഞു. 

വാക്സിനേഷന്‍ വിഷയത്തില്‍ കുവൈത്ത് അധികാരികളുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ഈ വിഷയത്തില്‍  ആശങ്കപ്പെടേണ്ടതില്ലെന്നും  സിബി ജോർജ്ജ്‌ അറിയിച്ചു. ഇന്ത്യയിൽ നിന്ന് നൽകുന്ന കോവിഷീൾഡ്‌ വാക്സിനും കുവൈത്ത്‌ അംഗീകരിച്ച ഒക്സ്ഫോർഡ്‌ ആസ്ട്ര സേനേക്ക വാക്സിനും ഒന്ന് തന്നെയാണ്. ഇതിനോടകം ഇന്ത്യയില്‍ നിന്നും  സർട്ടിഫിക്കറ്റുകൾ പോര്‍ട്ടലിലേക്ക് അപ്ലോഡ് ചെയ്ത കോവിഷീൾഡ്‌ സ്വീകരിച്ച നിരവധി പ്രവാസികള്‍ക്ക്  കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിലെ  പോർട്ടലിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇന്ത്യയില്‍ നിന്നും  കൊവാക്സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് ആഗസ് ഒന്ന് മുതല്‍ കുവൈത്തിലേക്ക് പ്രവേശിക്കുവാന്‍ സാധിക്കില്ലെന്ന് അംബാസിഡര്‍ വ്യക്തമാക്കി. ഇത് സംബന്ധമായി കുവൈത്ത് അധികാരികളുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും പ്രശ്നം പരിഹരിക്കുവാന്‍ സാധിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രവാസി  ഇന്ത്യൻ ഡോക്ടർമാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറവുമായി സഹകരിച്ച് നിരവധി മെഡിക്കല്‍ ക്യാമ്പുകളും സെമിനാരുമാണ് നടത്തി വരുന്നത്.വിവിധ ഭാഷകളില്‍ ലഭ്യമായ സൗജന്യ ടെലി  കൺസൾട്ടേഷനുകൾ ഇതിനികം തന്നെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഉപയോഗിച്ചത്. അതോടപ്പം ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ സൗജന്യ ഭക്ഷണ വിതരണം എംബസിയില്‍ വരുന്ന നിരവധി പേര്‍ക്കാണ് ആശ്വാസമാകുന്നത്. എംബസ്സി അങ്കണത്തില്‍  വാക്സിനേഷന്‍ രജിസ്ട്രേഷനായും രക്തദാനത്തിനുമായി ഒരുക്കിയ ഹെല്‍പ്പ്ഡെസ്കില്‍ നിരവധി പേരാണ് രജിസ്റ്റര്‍ ചെയ്യുന്നത്.അതിനിടെ താമസ രേഖാ കാലാവധി കഴിഞ്ഞ സിവില്‍ ഐഡിയില്ലാത്തവര്‍ക്ക്  വാക്സിനേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്ന് സിബി ജോര്‍ജ്ജ് പറഞ്ഞു. ഇരുപത്തിനാല് മണിക്കൂറും ലഭ്യമായ പന്ത്രണ്ട് വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറുകൾ വഴി പ്രവാസികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കായി  എംബസ്സിയുമായി ബന്ധപ്പെടാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യന്‍ എംബസി വക്താവ്  ഫഹദ് സൂരി കഴിഞ്ഞ മാസത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.എംബസി ഓഡിറ്റോറിയത്തിൽ നടന്ന വെർച്യുൽ ഓപ്പൺ ഹൗസില്‍ പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റ്‌സ് ജോയിന്റ് സെക്രട്ടറി യോഗേശ്വർ സംഘ്‌വാൻ , വിവിധ സംഘടനാ പ്രതിനിധികള്‍, നൂറുക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍  എന്നീവര്‍ ഓണ്‍ലൈനായി  ചടങ്ങില്‍ സംബന്ധിച്ചു. 

Related News