ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വകഭേദങ്ങളെ കോവിഷീൽഡും കോവാക്​സിനും ഫലപ്രദമായി പ്രതിരോധിക്കും

  • 26/06/2021

ന്യൂഡെൽഹി: കോവിഷീൽഡും കോവാക്​സിനും കൊറോണ വൈറസിൻറെ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാൻ ഏറെ ഫലപ്രദമാണെന്ന്​ വ്യക്തമാക്കി കേന്ദ്ര സർക്കാർ. കൊറോണ -ഡെൽറ്റ പ്ലസ്​ വകഭേദത്തിന്​ എതിരായ ഇവയുടെ പ്രതിരോധശേഷി സംബന്ധിച്ച പരിശോധനകൾ പുരോഗമിക്കുകയാണെന്നും ഐ.സി.എം.ആർ ഡയറക്​ടർ ജനറൽ ബൽറാം ഭാർഗവ ചൂണ്ടിക്കാട്ടി.

വിവിധ വകഭേദങ്ങളെ ചെറുക്കാനുള്ള വാക്​സിനുകളുടെ കഴിവ്​ സംബന്ധിച്ച ആഗോള പഠനങ്ങളുടെ അടിസ്​ഥാനത്തിലാണ്​ കോവാക്​സിനും കോവിഷീൽഡും ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാൻ ഏറെ ഫലപ്രദമാണെന്ന വിലയിരുത്തൽ നടത്തിയത്. കോവിഡിന്റെ വിവിധ വകഭേദങ്ങളെ നേരിടു​​ന്നതിൽ മറ്റ്​ വാക്​സിനുകളെ അപേക്ഷിച്ച്‌​ കോവിഷീൽഡിൻറെയും കോവാക്​സിൻറെയും പ്രതിരോധ​ശേഷി മികച്ചതാണെന്നാണ് വിദഗ്ദർ ​ വിലയിരുത്തുന്നത്.

ആൽഫ വകഭേദത്തെ നേരിടാൻ കോവിഷീൽഡാണ്​ ഫലപ്രദമെങ്കിൽ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കുന്നതിന്​ ‘കോവാക്​സിൻ’ ആണ്​ കുറച്ചുകൂടി നല്ലത്​. അങ്ങിനെ കോവിഷീൽഡിൻറെയും കോവാക്​സിൻറെയും പ്രതിരോധ ശേഷി ഓരോ വകഭേദങ്ങളുടെ കാര്യത്തിലും വ്യത്യസ്തമാകും. വിദേശ വാക്സിനുകളായ ഫൈസറും മോഡേണയുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡിന്റെ എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കുന്നതിൽ ഇരു വാക്​സിനുകളും വളരെ മുന്നിലാണെന്ന്​ ബൽറാം ഭാർഗവ ചൂണ്ടിക്കാട്ടി.

Related News