കൊറോണ പ്രതിസന്ധി; വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസി മലയാളികൾ പതിനഞ്ചുലക്ഷം കടന്നു

  • 28/06/2021


തിരുവനന്തപുരം: കൊറോണ തീർത്ത പ്രതിസന്ധിയിൽ വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസി മലയാളികളുടെ എണ്ണം പതിനഞ്ചുലക്ഷം കടന്നു. നോർക്ക റൂട്ട്സിന്റ കണക്ക് പ്രകാരം ഇതിൽ പത്തുശതമാനം പേർ മാത്രമാണ് തിരിച്ചുപോയത്. യുഎഇ അടക്കമുള്ള രാജ്യങ്ങൾ മടക്കയാത്രയ്ക്ക് ഇളവുകൾ അനുവദിച്ചെങ്കിലും ആർടിപിസിആർ സംബന്ധിച്ച നിബന്ധനകൾ തിരിച്ചടിയാവുകയാണ്.

യുഎഇയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ മടങ്ങിയെത്തിയത് 8,72000 പേർ. സൗദി അറേബ്യയിൽ നിന്ന് 1.72 ലക്ഷം പേരും ഖത്തറിൽ നിന്ന് 1.42 ലക്ഷം പേരും നാട്ടിലെത്തി.

തിരിച്ചെത്തിയവരുടെ എണ്ണം ജില്ല തിരിച്ച് നോക്കിയാൽ മലപ്പുറമാണ് മുന്നിൽ. 2,50180 പേരാണ് മലപ്പുറത്ത് മാത്രം തൊഴിൽ നഷ്ടപ്പെട്ട് കഴിയുന്നത്. കോഴിക്കോട് 1,63000 പേരും കണ്ണൂർ 1,55000 പേരും, തൃശൂരിൽ 1,18000 പേരും തിരിച്ചെത്തിയവരായുണ്ട്.

മാസങ്ങൾക്ക് ശേഷം ഗൾഫ് രാജ്യങ്ങൾ മടങ്ങിവരവിന് ഇളവ് പ്രഖ്യാപിച്ചെങ്കിലും കുരുക്കുകളേറെയാണ്. കോവിഷീൽഡ് വാക്സീൻ എടുത്തവരേ മാത്രമേ തിരികെ പ്രവേശിക്കു. യാത്രയ്ക്ക് നാല് മണിക്കൂർ മുമ്പ് ആർ.ടി.പി.സി.ആർ പരിശോധന നടത്തണം.

മൂന്ന് മണിക്കൂർമുമ്പ് യാത്രക്കാർ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന നിബന്ധനയുള്ളപ്പോൾ പരിശോധന പ്രായോഗികമല്ല. കേരളത്തിലെ ഒരു വിമാനത്താവളത്തിലും പരിശോധനയ്ക്കുള്ള സംവിധാനവുമില്ല.

Related News