കുവൈത്തിൽ കര്‍ഫ്യൂ പരിഗണനയില്‍ ഇല്ല, വിദേശികളുടെ തിരിച്ചുവരവ് ചർച്ച ; കൊവിഡ് എമര്‍ജെന്‍സി കമ്മിറ്റി.

  • 28/06/2021

കുവൈത്ത് സിറ്റി: കൊവിഡ് എമര്‍ജെന്‍സി കമ്മിറ്റി യോഗം ഇന്നലെ വൈകുന്നേരം ചേര്‍ന്നു. ഇന്ന് ഉച്ചയോടെ ചേരുന്ന മന്ത്രിസഭയ്ക്ക് മുന്നില്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. വീണ്ടും രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം സമര്‍പ്പിച്ചിട്ടില്ലെന്നാണ് വൃത്തങ്ങള്‍ വൃക്തമാക്കുന്നത്. 

കൂടാതെ, റസ്റ്ററന്‍റുകളും വാണിജ്യ സമുച്ചയങ്ങളും അടയ്ക്കേണ്ട സമയത്തിനും മാറ്റമുണ്ടാവില്ല. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ചയായി. കൂടാതെ, ഓഗസ്റ്റ് ഒന്ന് മുതല്‍ കുവൈത്തികളല്ലാത്തവര്‍ക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ അതിനുള്ള നടപടിക്രമങ്ങളെ കുറിച്ചും ആലോചിച്ചു. 

ഓഗസ്റ്റ് ആദ്യം മുതല്‍ കുട്ടികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചും, വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് ഇളവ് നല്‍കുന്നതിനെ കുറിച്ചും ചർച്ചചെയ്തു. 

പുതിയ കൊവിഡ്  പശ്ചാത്തലത്തിൽ ഉയർന്ന റിസ്ക്കുള്ള രാജ്യങ്ങളുടെ പട്ടിക കുവൈറ്റ്  മന്ത്രിസഭ പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആരോഗ്യ മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ ഓരോ ആഴ്ചയിലും ഹൈ റിസ്ക്ക് രാജ്യങ്ങളുടെ പട്ടിക തയാറാക്കണമെന്ന് കമ്മ്യൂണിക്കേഷൻ സെൻ്ററിനോട് മന്ത്രിസഭ നിർദേശിച്ചതായാണ് റിപ്പോർട്ട് , ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഈ കാര്യങ്ങൾ ചർച്ചയായേക്കും.  പ്രാദേശികമായും ആഗോളപരമായും ജനിതക മാറ്റം വന്ന കൊവിഡിൻ്റെ വ്യാപനത്തെ ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. പുതുതായി ജനിതക മാറ്റം വന്ന കൊവിഡ് രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുക എന്നുള്ളതാണ് പ്രധാന ലക്ഷ്യം.  

Related News