ഇന്ത്യയിൽ കൊറോണയുടെ കൂടുതൽ വകഭേദങ്ങൾ കണ്ടെത്തി; അതീവ ജാഗ്രത മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ

  • 28/06/2021

ന്യൂ ഡെൽഹി: രണ്ടാം തരംഗത്തിൻ്റെ തീവ്രത കുറയുമ്പോഴും കൊറോണയുടെ കൂടുതൽ വകഭേദങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. രണ്ടര മാസത്തിന് ശേഷം രാജ്യത്തെ പ്രതിദിന മരണ നിരക്ക് ആയിരത്തിന് താഴെയെത്തി. കൊവിഷീൽഡിനെ അംഗീകരിച്ച വാക്സീനുകളുടെ പട്ടികയിൽ നിന്ന് യൂറോപ്പ്യൻ യൂണിയൻ ഒഴിവാക്കിയത് ഇതിനിടെ ആശങ്കയായി. 

ഡെൽറ്റ, ഡെൽറ്റ പ്ലസ് വകഭേദങ്ങൾക്ക് പുറമെ കൂടുതൽ വകഭേദങ്ങൾക്കെതിരെ ജാഗ്രത വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഡെൽറ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചുണ്ടായ B.1.617.3 , B.1.617.2 , കാപ്പ എന്നിവയ്ക്കൊപ്പം b.11.318, ലാംഡ എന്നീ വകഭേദങ്ങളാണ് ഒടുവിൽ കണ്ടെത്തിയത്. ഇതിൽ രണ്ട് വകഭേദങ്ങൾ നിലവിൽ ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് മൂന്ന് വകഭേദങ്ങൾ മറ്റു രാജ്യങ്ങളിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിമാന യാത്രകൾ അനുവദിക്കുന്നതോടെ ഈ വകഭേദങ്ങളുടെ വ്യാപനം കൂടുമെന്നാണ് വിദഗ്ധരുടെ ആശങ്ക. 

വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരെ കൃത്യമായ കൊറോണ പരിശോധനയ്ക്ക് വിധേയരാക്കി വകഭേദങ്ങളുടെ വ്യാപനം പിടിച്ചു കെട്ടണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. കൂടുതൽ പേർക്ക് വാക്സീൻ നൽകി മൂന്നാം തരംഗം തടയാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. ഇതുവരെ മുപ്പത്തിരണ്ട് കോടി മുപ്പത്തിയാറ് ലക്ഷം ഡോസ് വാക്സീനാണ് രാജ്യത്ത് വിതരണം ചെയ്തത്. 

Related News