കുവൈത്തിനെ നടുക്കിയ ഇരട്ട കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞു; പോലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് സേനാ അധികൃതര്‍

  • 29/06/2021

കുവൈത്ത് സിറ്റി : പോലീസുകാരനേയും സ്വന്തം മാതാവിനേയും കുത്തി കൊലപെടുത്തിയ ഇരട്ട കൊലപാതകത്തിന്‍റെ വിശദ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടു. കഴിഞ്ഞ ദിവസമാണ് 19 വയസ്സ് പ്രായമുള്ള സിറിയന്‍ യുവാവ് തര്‍ക്കത്തെ തുടര്‍ന്ന് മാതാവിനെ കുത്തിക്കൊലപ്പെടുത്തി രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നത്. മാതാവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട്  മുബാറക് അൽ കബീർ ഗവർണറേറ്റിലെ  ഓപ്പറേഷൻ റൂമിലേക്ക് ലഭിച്ച സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍  പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും മാതാവിന്‍റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. മാതാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണപ്പെട്ടു.  

ട്രാഫിക് പെട്രോളിംഗില്‍ ഏര്‍പ്പെട്ടിരുന്ന വാജിബ്​ അബ്​ദുൽ അസീസ്​ അൽ റഷീദിയെന്ന പോലീസുകാരന്‍ സംശയാസ്പദമായ രീതിയില്‍ മഹബൂല റൗണ്ട്​ എബൗട്ട്​ ഭാഗത്ത് പ്രതിയെ  കാറില്‍ കണ്ടെത്തുകയും മല്‍പ്പിടുത്തനിടയില്‍ പൊലീസുകാരനെ കുത്തിവീഴ്ത്തുകയുമായിരുന്നു. സിഗ്നലിൽ നിർത്തിയിട്ട വാഹനങ്ങളിലും മറ്റുമുള്ളവർ കാൺകെയായിരുന്നു കൊലപാതകം. മരണപ്പെട്ട പോലിസ് ഓഫീസര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും തോളിലും തോളിനു താഴെയുമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആകസ്മികമായ ആക്രമണത്തില്‍ പോലീസുകാരന്‍ നിസ്സഹായ അവസ്ഥയിലായിരുന്നു.  തുടർന്ന് പൊലീസുകാരന്റെ തോക്കും കൈക്കലാക്കി ഇയാൾ വാഹനത്തിൽ രക്ഷപ്പെട്ടു. 

സംഭവ സ്ഥലത്ത് കുതിച്ചെത്തിയ  മറ്റൊരു പട്രോളിംഗ് സംഘം  രക്ഷപ്പെട്ട കാറിന്‍റെ നമ്പര്‍ കുറിച്ചിടുകയും പ്രതിയെ കണ്ടെത്താന്‍ പൊലീസ് രാജ്യ  വ്യാപകമായി പരിശോധനക്ക് അടിയന്തിര ഉത്തരവ് നല്‍കുകയുമായിരുന്നു. സംഭവ സ്ഥലത്തെ ക്യാമറയില്‍ പതിഞ്ഞ പ്രതിയുടെ ചിത്രവും വാഹന വിവരങ്ങളും രാജ്യത്തെ മുഴുവന്‍ പോലിസ് സ്റ്റേഷനിലും അറിയിച്ച ആഭ്യന്തര വകുപ്പിന് പ്രതിയുമായി ബന്ധപ്പെട്ട സൂചനകള്‍ അൽ വഫ്ര പോലീസ് സ്റ്റേഷനില്‍ നിന്നും  ലഭിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍  വഫ്രയിൽ കൃഷി മേഖലയിൽസ്ഥലത്ത് കണ്ടെത്തിയ യുവാവിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കൊലയാളി തന്റെ പക്കലുള്ള ആയുധം ഉപയോഗിച്ച് പോലിസിനെ ആക്രമിക്കുകയും പ്രത്യാക്രമണത്തില്‍ വെടിയേല്‍ക്കുകയുമായിരുന്നു .പ്രതിയെ  ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേയും  സുരക്ഷാ സൈനികരെ പ്രതി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തായി അധികൃതര്‍ പറഞ്ഞു. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പ്രതി ഉപേക്ഷിച്ച കാര്‍  വഫ്രയില്‍ നിന്നും കണ്ടെത്തി.  

അതിനിടെ പട്രോളിംഗിന് പോലീസുകാരെ ഏകനായി നിയമിച്ചത് വന്‍ വിവാദമായിട്ടുണ്ട്.കൊറോണ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയിലും ആശുപത്രികളിലും വിപണികളിലും കൂടുതല്‍ പോലീസുകാരെ  നിയമിക്കുന്നത് കൊണ്ട് ട്രാഫിക് ഡ്യൂട്ടിക്കായി വേണ്ടത്ര  സുരക്ഷാ ഉദ്യോഗസ്ഥരെ  കിട്ടാത്ത അവസ്ഥയാണുള്ളതെന്നും  റോഡുകളില്‍ പോലിസ് സാന്നിധ്യം കുറയുന്നത് വാഹനാപകടങ്ങൾ വർദ്ധിപ്പിച്ചതായും  അധികൃതര്‍ പറഞ്ഞു. രാജ്യത്തെ സുരക്ഷാ സേനയില്‍ എണ്ണം വർദ്ധിക്കേണ്ടത് അത്യാവശ്യമാണെന്ന് സേനാ അധികൃതര്‍ വ്യക്തമാക്കി. 

Related News