പ്രവേശന വിലക്ക്; വാക്സിനേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി ആരോഗ്യ അധികൃതര്‍.

  • 29/06/2021

കുവൈത്ത് സിറ്റി : രാജ്യത്ത്  വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നടപ്പിലായതോടെ വാക്സിനേഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് കുവൈത്ത് മന്ത്രിസഭ ഷോപ്പിങ് മാളുകള്‍, റെസ്റ്റാറന്റുകള്‍, കള്‍ച്ചറല്‍ സെന്ററുകള്‍, സിനിമാ തിയറ്ററുകള്‍ എന്നീവടങ്ങളില്‍ വാക്സിന്‍ സീകരിക്കാത്തവര്‍ക്ക് പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് വന്നത് മുതല്‍ ദിനം പ്രതി 2000 മുതൽ 5000 വരെ പുതിയ രജിസ്ട്രേഷനുകൾ നടക്കുന്നതായും  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മിഷിര്ഫ് വാക്സിനേഷൻ കേന്ദ്രത്തിൽ മാത്രമായി  25,000 ത്തിലധികം വാക്സിനേഷൻ നടത്തിയതായും 15,000 ത്തിലധികം പേർ മറ്റ് കേന്ദ്രങ്ങളിൽ കുത്തിവയ്പ്പ് നടത്തിയതായും ആരോഗ്യ അധികൃതര്‍ അറിയിച്ചു. വാക്സിനേഷന്‍ ത്വരിതഗതിയിലായതോടെ ദിനംപ്രതി 40,000 ലേറെ പേരാണ് വിവിധ കേന്ദ്രങ്ങളില്‍നിന്നായി വാക്സിന്‍ സ്വീകരിക്കുന്നത്. 

അതിനിടെ മാസങ്ങള്‍ക്ക് മുമ്പുതന്നെ വാക്‌സിനേഷന്‍ നടത്താന്‍ പോര്‍ട്ടലില്‍  രജിസ്റ്റര്‍ ചെയ്തിട്ടും വൈകുന്നത്  പ്രതിസന്ധി വര്‍ദ്ധിപ്പിക്കുകയാണ്. അധികൃതരുമായി  ബന്ധപ്പെടുമ്പോള്‍ വരും ആഴ്ചകളില്‍ വാക്‌സിനേഷനായി സന്ദേശം ലഭിക്കുമെന്നാണു പ്രതികരണം ലഭിക്കുന്നത്. ഒരേസമയത്ത്  രജിസ്റ്റര്‍ ചെയ്തവരില്‍ ചിലര്‍ക്ക് വാക്‌സിന്‍ ലഭിക്കുകയും ചിലര്‍ക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്നതും വിദേശികള്‍ക്കിടയില്‍ ആശങ്കക്ക് ഇട നല്‍കിയിട്ടുണ്ട്. ഷോപ്പിങ് മാളുകള്‍, റെസ്റ്റാറന്റുകളിലും  ജോലി ചെയ്യുന്ന വാക്സിന്‍ എടുക്കാത്ത ജീവനക്കാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുമെന്ന അധികൃതരുടെ പുതിയ നിലപാട് വ്യാപാര സ്ഥാപനങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും. നേരത്തെ റെസ്‌റ്റോറന്റുകളിലും മറ്റു സ്ഥാപനങ്ങളിലും ഉടമകള്‍ക്കും ജോലിക്കാര്‍ക്കും നിയന്ത്രണം ബാധകമല്ലെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. 

Related News