രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത് മുന്‍ഗണന ലിസ്റ്റ് അടിസ്ഥാനത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം.

  • 29/06/2021

കുവൈത്ത് സിറ്റി : രാജ്യത്ത് വാക്സിനേഷന്‍ നല്‍കുന്നത് മുന്‍ഗണന ലിസ്റ്റ്  അടിസ്ഥാനത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം  അറിയിച്ചു. അപകടസാധ്യതയുള്ളവരോ വൈറസ് ബാധിച്ച് ഗുരുതരമായ അവസ്ഥയിലോ ആകുന്നവരെ ഉള്‍പ്പെടുത്തിയാണ് മുൻ‌ഗണന ലിസ്റ്റുകള്‍ തയ്യാറാക്കിയതെന്നും ടാര്‍ഗറ്റ് ചെയ്ത വിഭാഗങ്ങള്‍ക്കായി വാക്സിനേഷൻ‌ കാമ്പയിന്‍ തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍ ഇടങ്ങളില്‍  വാക്സിനേഷന്‍ നല്‍കുന്നതിന്‍റെ ഭാഗമായി ഇരുപതിലേറെ മൊബൈല്‍ യൂണിറ്റുകളാണ് ആരോഗ്യ മന്ത്രാലയം സജീകരിച്ചിരിക്കുന്നത്. ഫീൽഡ് വാക്സിനേഷന്‍റെ ഭാഗമായി ബാങ്കുകള്‍ കേന്ദ്രീകരിച്ച് ജീവനക്കാർക്ക് വാക്സിൻ നൽകികൊണ്ടിരിക്കുകയാണ്.

വാക്സിനേഷന്‍ നല്‍കുന്നതിനായി കൃത്യമായ നടപടി ക്രമങ്ങളാണ് സ്വീകരിച്ച് വരുന്നതെന്ന് ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി . കോവിഡ് പ്രതിരോധ കുത്തിവെപ്പ്  സ്വീകരിക്കേണ്ടവരുടെ പേര് വിവരങ്ങള്‍ സ്ഥാപനങ്ങള്‍  ആരോഗ്യ മന്ത്രാലയത്തില്‍ നേരത്തെ സമര്‍പ്പിച്ചാല്‍ മാത്രമേ വാക്സിനേഷന്‍ പോര്‍ട്ടലില്‍ അപ്പോയിന്റ്മെന്‍റ് ബുക്ക് ആക്റ്റീവ്  ആവുകയുള്ളൂ. തുടര്‍ന്ന് സിവില്‍ ഐഡി ആരോഗ്യ വകുപ്പിന്‍റെ ആപ്പില്‍ സ്കാന്‍ ചെയ്ത് ബുക്കിംഗ് കണ്‍ഫേം ചെയ്താല്‍ മാത്രമേ വാക്സിന്‍ നല്‍കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. 

അതിനിടെ മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ വാക്‌സിനേഷൻ കേന്ദ്രത്തില്‍ ഗാർഹിക ജോലിക്കാർക്ക് കുത്തിവെപ്പ് ആരംഭിച്ചു. പ്രതിദിനം 43,000 പേർക്ക് വാക്‌സിൻ നൽകാനുള്ള സംവിധാനം കേന്ദ്രത്തില്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. 12 വയസ്സിനുമുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും ഓഗസ്റ്റ്‌ മുതല്‍ വാക്സിനേഷന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോയത്തെ സാഹചര്യത്തില്‍ സെപ്റ്റംബറോടെ രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും വാക്സിനേഷന്‍ നല്‍കുവാന്‍ സാധിക്കുമെന്നാണ് ആരോഗ്യ അധികൃതര്‍ കരുതുന്നത്. 

Related News