ചെറുപ്പക്കാര്‍ക്കിടയില്‍ കൊറോണ വൈറസ്‌ വ്യാപിക്കുന്നു; കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ ഒരുങ്ങി ആരോഗ്യ മന്ത്രാലയം

  • 01/07/2021

കുവൈത്ത് സിറ്റി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിന രോഗികളുടെ കൂടിയതിനെ തുടര്‍ന്ന് ആശുപത്രികളിലെ കോവിഡ് വാർഡുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പല ആശുപത്രികളിലും ഉള്‍ക്കൊള്ളുവാന്‍ സാധിക്കാത്ത രീതിയിലാണ് രോഗികളുടെ വരവ്. അതിനിടെ കോവിഡ് വാര്‍ഡുകള്‍ വര്‍ദ്ധിപ്പിച്ച് ഇപ്പോയത്തെ പ്രതിസന്ധിക്ക് പരിഹാരം കാണുവാനുള്ള ശ്രമത്തിലാണ് ആരോഗ്യ അധികൃതര്‍ അതോടപ്പം വാക്സിനേഷൻ പ്രചാരണം ശക്തമാക്കുവാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. 

രാജ്യത്ത് കോവിഡ് ബാധിക്കുന്നവരില്‍ ഭൂരിഭാഗവും വാക്സിനേഷന്‍ സ്വീകരിക്കാത്തവരാണ്. കഴിഞ്ഞ ദിവസം മരണപ്പെട്ട എട്ട് പേരില്‍ ഏഴ് പേരും വാക്സിന്‍ സ്വീകരിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തീവ്ര പരിചരണ വിഭാഗത്തില്‍ ദിനവും രോഗികള്‍ കൂടുന്നത് കടുത്ത സമ്മര്‍ദ്ദമാണ് ചികത്സാ രംഗത്ത് നല്‍കുന്നത്. ഒന്നാം ഘട്ടത്തെ അപേക്ഷിച്ച്  ഐസിയുവില്‍ അഡ്മിറ്റാകുന്ന രോഗികളില്‍ ചെറുപ്പക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി അമിരി ഹോസ്പിറ്റലിലെ ഐസിയു ഉപദേഷ്ടാവ് ഡോ. അബ്ദുൾ റഹ്മാൻ അൽ ഫാരിസ് അറിയിച്ചു. മുമ്പത്തെ അപേക്ഷിച്ച് രോഗത്തിന്‍റെ തീവ്രത വര്‍ദ്ധിച്ചതായും രോഗികള്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതായും അദ്ദേഹം പറഞ്ഞു. 

വിശ്രമമില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നതും ആവശ്യത്തിന് മെഡിക്കല്‍ സ്റ്റാഫുകള്‍ ഇല്ലാത്തതും കൊറോണക്കെതിരെയുള്ള പോരാട്ടത്തിന് ഏറെ വെല്ലുവിളി തീര്‍ക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പൊതു ജനങ്ങള്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കാണിക്കുന്ന അശ്രദ്ധയും വാക്സിന്‍ സ്വീകരിക്കുവാന്‍ കാണിക്കുന്ന വിമുഖതയുമാണ്‌ ഇപ്പോയത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ആരോഗ്യ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

അതിനിടെ രാജ്യത്ത് ആരോഗ്യ മേഖലയില്‍ മെഡിക്കല്‍ ഡോക്ടര്‍മാരുടെ ക്ഷാമമില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.  2019 ൽ തീവ്രപരിചരണ വിഭാഗത്തില്‍ അനസ്തേഷ്യോളജിസ്റ്റുകളുടെയും ഡോക്ടർമാരുടെയും എണ്ണം 351 ആണെന്നും  2020 ൽ 372 ആയി ഉയർന്നതായും 2021 ൽ 392 ആയി വർദ്ധിച്ചതായും മന്ത്രാലയം വ്യക്തമാക്കി. 

Related News