'അഭിപ്രായപ്രകടനത്തിന് പ്രവാസികളെ നാടുകടത്താന്‍ അവകാശമില്ല' തീരുമാനത്തിനെതിരെ എംപിമാര്‍.

  • 01/07/2021

കുവൈത്ത് സിറ്റി: തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചതിന്‍റെ പേരില്‍ ജോര്‍ദാന്‍ പൗരനെ നാടുകടത്താനുള്ള തീരുമാനത്തിനെതിരെ എംപിമാര്‍ രംഗത്ത്. വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ ഇറാഡ സ്ക്വയറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ജോര്‍ദാന്‍ പൗരനെയാണ് നാടുകടത്താന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് താമര്‍ അല്‍ അലി ഉത്തരവിട്ടത്. 

എന്നാല്‍, എംപിമാരായ അബ്‍ദുള്‍കരീം അല്‍ കന്ദരി, അബ്‍ദുള്‍അസീസ് അല്‍ സഖാബി, മുഹമ്മദ് അല്‍ സെയര്‍, താമര്‍ അല്‍ സുവൈത്ത് ഫാര്‍സ് അല്‍ ദൈഹാനി, ഒബൈദ് അല്‍ വാസ്മി ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. 

രാജ്യാന്തരമായി നിലനില്‍ക്കുന്ന മനുഷ്യവകാശ പ്രഖ്യാപനത്തിന് എതിരാണ് മന്ത്രിയുടെ തീരുമാനമെന്ന് അല്‍ വാസ്മി പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യം എന്നത് മനുഷ്യാവകാശത്തില്‍ ഉള്‍പ്പെടുന്നതാണ്. അതില്‍ പൗരനനെന്നോ പ്രവാസിയെന്നോ ഉള്ള തരം തിരിക്കല്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നാടുകടത്താന്‍ തീരുമാനിച്ച പ്രവാസി ഒരുവിധ കുറ്റവും ചെയ്തിട്ടില്ലെന്ന് അല്‍ ദൈഹാനി പറഞ്ഞു. തന്നെയും ബാധിക്കുന്ന ഒരു തീരുമാനത്തെ വിമര്‍ശിച്ചു, അതിന് അദ്ദേഹത്തിന് അവകാശമുണ്ടെന്നും എംപി വ്യക്തമാക്കി.

Related News