ഇന്ത്യയിൽ പുതിയ ഐ ടി നിയമ പ്രകാരം ഒരു മാസത്തിനിടെ നീക്കം ചെയ്തത് 30 മില്ല്യൺ ഫേസ്ബുക് പോസ്റ്റുകൾ

  • 03/07/2021

ന്യൂഡെൽഹി: രാജ്യത്ത് പുതിയ ഐ ടി നിയമം നടപ്പിലായതോടെ സാമൂഹിക മാദ്ധ്യമങ്ങളെല്ലാം കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിലാണ്. ഐ ടി നിയമം പാലിക്കാത്ത പോസ്റ്റുകൾക്ക് എതിരെ എന്ത് നടപടിയെടുത്തുവെന്ന് ഓരോ മാസവും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാദ്ധ്യമ ഭീമന്മാർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകേണ്ടതായുണ്ട്. ഇതനുസരിച്ച്‌ ഫേസ്ബുക്ക് നൽകിയ റിപ്പോർട്ടിൽ മേയ് 15നും ജൂൺ 15നും ഇടയിൽ ഇത്തരത്തിലുള്ള 30 മില്ല്യൺ പോസ്റ്റുകൾ ടൈംലൈനിൽ നിന്ന് നീക്കം ചെയ്തിട്ടുള്ളതായി പറയുന്നു. ഇതേ കാലയളവിൽ ഏകദേശം രണ്ട് മില്ല്യൺ പോസ്റ്റുകളാണ് ഇൻസ്റ്റാഗ്രാം നീക്കം ചെയ്തത്.

ഉപഭോക്താക്കളുടെ സുരക്ഷിതത്വവും സ്വകാര്യതയും സംരക്ഷിക്കുന്നതിനു വേണ്ടി തങ്ങൾ മികച്ച ടൂളുകൾ നിർമ്മിച്ചിട്ടുണ്ടെന്നും അവയുടെ സഹായത്തോടെ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഫേസ്ബുക്ക് പത്രകുറിപ്പിലൂടെ അറിയിച്ചു. നീക്കം ചെയ്ത പോസ്റ്റുകളിൽ 25 മില്ല്യൺ സ്പാം പോസ്റ്റുകളും 2.5 മില്ല്യൺ പോസ്റ്റുകൾ അക്രമാസക്തവും ഭീതിജനകവുമായ ഉള്ളടക്കം അടങ്ങിയതാണ്. 1.8 മില്ല്യൺ നഗ്നതയെ സംബന്ധിക്കുന്നതും മൂന്ന് ലക്ഷം പോസ്റ്റുകൾ വർഗ്ഗീയത നിറഞ്ഞതുമാണ്.

ഇപ്പോൾ പ്രസിദ്ധീകരിച്ചത് പൂർണമായ റിപ്പോർട്ട് അല്ലെന്നും ഇതേ കാലയളവിലെ വിശദമായ റിപ്പോർട്ട് ഈ മാസം 15ന് പ്രസിദ്ധീകരിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. വാട്സാപ്പ് വിവരങ്ങൾ കൂടി അടങ്ങിയതാകും ജൂലായ് 15ന് ഇറങ്ങുന്ന റിപ്പോർട്ട്.

Related News