കുവൈത്തിന്‍റെ ആദ്യ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി

  • 04/07/2021

കുവൈത്ത് സിറ്റി :രാജ്യത്തിന്‍റെ ആദ്യ ഉപഗ്രഹമായ ഖമർ അൽ കുവൈത്ത് ഭ്രമണപഥത്തിലെത്തിയതായി അധികൃതര്‍ അറിയിച്ചു. ഫ്ലോറിഡയിലെ കേപ് കാനവറാൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. കുവൈത്തിലെ ഓർബിറ്റൽ സ്പെയ്സ് സ്ഥാപകൻ ബാ‍സിം അൽ ഫ‌ഈലിയുടെ ഉടമസ്ഥതയിൽ സജ്ജമാക്കിയതാണ്  `കുവൈത്തിന്റെ ചന്ദ്രൻ`  എന്ന ഉപഗ്രഹം. ഒരു സ്റ്റാർട്ടപ്പ് എന്ന നിലയിലാണ് സംരംഭം എന്ന് ബാസിം പറഞ്ഞു.വിദ്യാഭ്യാസ മേഖലയിൽ ഉപകാരപ്രദമാകുന്നതാണ് ഈ ഉപഗ്രഹമെന്നും ഈ മേഖലയിൽ പല പഠനങ്ങൾക്കും അത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ക്യു‌എം‌ആർ കുവൈത്ത് വിദ്യാഭ്യാസ ബഹിരാകാശ ദൗത്യമാണെന്നും ബഹിരാകാശ മേഖലയിലെ ഭാവി പ്രൊഫഷണലാകാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനും സാധിക്കുമെന്ന് ഓർബിറ്റൽ സ്പേസ്  വിദ്യാഭ്യാസ  ഡയറക്ടർ നാഡ അൽ ഷമ്മരി പറഞ്ഞു. പുതിയ ഉപഗ്രഹത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് ‘കോഡ് ഇൻ സ്പേസ്’ ആണ്. ഉപഗ്രഹത്തിന്‍റെ ഓൺ‌ബോർഡ് കമ്പ്യൂട്ടറിൽ‌ സോഫ്റ്റ്‌വെയർ‌ കോഡ് അപ്‌ലോഡ് ചെയ്ത് സോഫ്റ്റ്‌വെയർ  വികസിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അവസരം കോഡ് ഇൻ‌ സ്പേസിലൂടെ സാധ്യമാകും. ഉപഗ്രഹത്തിന്‍റെ ഗ്രൗണ്ട് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് ദുബായ് സിലിക്കൺ ഒയാസിസിലാണ്. ക്യൂബ് സാറ്റ് സാങ്കേതികവിദ്യയിലൂടെ ബഹിരാകാശത്തേക്ക് പ്രവേശനം നൽകുന്ന ആദ്യത്തെ കമ്പനിയാണ് 2018 ഓഗസ്റ്റിൽ സ്ഥാപിതമായ ഓർബിറ്റൽ സ്പേസ്. വിദ്യാർത്ഥികൾക്കും മറ്റുള്ളവര്‍ക്കും  ക്യൂബ് സാറ്റുകൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും പരീക്ഷിക്കാനും പ്രവർത്തിപ്പിക്കാനും കമ്പനി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. 

Related News