സ്പെയിനിലേക്ക് പുതിയ സർവീസ് ആരംഭിച്ച് കുവൈറ്റ് എയർവേസ് .

  • 04/07/2021

കുവൈറ്റ് സിറ്റി :  ജൂലൈ 4 മുതൽ ഞായറാഴ്ചയും വ്യാഴാഴ്ചയും കുവൈത്തിൽ നിന്ന് സ്പെയിനിലെ മലാക്കയിലേക്ക് ആഴ്ചയിൽ രണ്ട് വിമാനങ്ങൾ സർവീസ് ആരംഭിച്ച് കുവൈറ്റ് എയർവേസ്. കൊവിഡ് മഹാമാരിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ മൂലം നിര്‍ത്തിവെച്ചിരുന്ന 12 രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ കഴിഞ്ഞ ദിവസങ്ങളിൽ  കുവൈറ്റ് പുനരാരംഭിച്ചിരുന്നു.

ബ്രിട്ടണ്‍, സ്പെയിന്‍, യുഎസ്, നെതര്‍ലന്‍ഡ്, ഇറ്റലി, ഓസ്ട്രിയ, ഫ്രാന്‍സ്, കിര്‍ഗിസ്ഥാന്‍, ബോസ്നിയ, ജര്‍മനി, ഗ്രീസ്, സ്വിറ്റ്സര്‍ലന്‍ഡ്, ഹെര്‍സെഗോവിന എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു. 

ആരോഗ്യ വിഭാഗം അധികൃതരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ എയര്‍ലൈനുകള്‍ക്ക് ഉണ്ടായ നഷ്ടം കൂടെ പരിഗണിച്ച് കൊണ്ടാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഡിജിസിഎ വക്താവ് സാദ് അല്‍ ഒറ്റൈബി പറഞ്ഞു.

ഏകദേശം പ്രതിദിനം 3,500 യാത്രക്കാര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനശേഷിയോടെയാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. രണ്ട് ഡോസ് വാക്സിനും എടുത്ത കുവൈത്തികള്‍ക്ക് യാത്ര അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്ന് മുതല്‍ കുവൈത്ത് അംഗീകരിച്ച വാക്സിന്‍ രണ്ട് എടുത്ത പ്രവാസികള്‍ക്കും രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

Related News