കൊവിഷീൽഡ് വാക്‌സിൻ രണ്ട് ഡോസ് എടുത്തവരിൽ 16 ശതമാനത്തിന് ഡെൽറ്റാ വകഭേദത്തിനെ പ്രതിരോധിക്കാൻ ആന്റിബോഡിയുണ്ടായില്ലെന്ന് റിപ്പോർട്ട്

  • 04/07/2021


ന്യൂഡെൽഹി: രാജ്യത്ത് പടരുന്ന ഡെൽറ്റാ വകഭേദത്തിനെതിരെ കൊവിഷീൽഡ് വാക്‌സിൻ ഫലപ്രദമാണെന്ന വാദം സംശയത്തിൽ. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ഡെൽറ്റാ വേരിയന്റ് രോഗബാധിതരിൽ 16.1 ശതമാനം പേ‌ർക്ക് ശരീരത്തിൽ ആന്റിബോഡികൾ ഉണ്ടായില്ല. ഒറ്റ ഡോസ് വാക്‌സിൻ സ്വീകരിച്ചവരിൽ ഇതിലും ഗുരുതരമാണ് സ്ഥിതി. ഇവരിൽ ഡെൽറ്റാ വകഭേദം സ്ഥിരീകരിച്ച 58.1 ശതമാനം പേ‌ർക്കും ആന്റിബോഡികളില്ല.

ഐസി‌എം‌ആറിലെ വിദഗ്ദ്ധർ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ. എന്നാൽ ആന്റിബോഡികൾ കണ്ടെത്തിയില്ല എന്നത് ശരീരത്തിൽ ആന്റിബോഡികളില്ല എന്നല്ല അ‌ർത്ഥമെന്നാണ് വെല്ലൂ‌ർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗം തലവൻ ഡോ. ടി ജേക്കബ് ജോൺ പറയുന്നത്. അവ കണ്ടെത്തിയില്ലെങ്കിലും രോഗബാധിതനായ ആളുടെ ശരീരത്തിൽ അവയുണ്ട്. അങ്ങനെ ഗുരുതരമായ രോഗബാധയിൽ നിന്നും ചെറിയ അളവിലുള‌ള ആന്റിബോഡി സംരക്ഷണം നൽകും.

ഐ.സി.എം.ആർ നടത്തിയ പഠനം ആരോഗ്യമുള‌ളവരുടെ ശരീരത്തിലാകാമെന്നും മുതിർന്നവരിലും ഗുരുതര രോഗമുള‌ളവരിലും ആന്റിബോഡി സാന്നിദ്ധ്യം കൂടുതലുണ്ടാകാമെന്നും 65 വയസിന് മുകളിൽ പ്രായമുള‌ളവർക്കും ഗുരുതര രോഗമുള‌ളവർക്കും മൂന്നാമതൊരു ഡോസ് വാക്‌സിൻ നൽകാവുന്നതാണെന്നുമാണ് ടി.ജേക്കബ് ജോൺ പറയുന്നത്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ജേക്കബ് ജോൺ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പഠനറിപ്പോർട്ട് അനുസരിച്ച് ആദ്യ ഘട്ട കോറോണയ്ക്ക് കാരണമായ ബി1 വൈറസിന് എതിരെയുള‌ളതിനെക്കാൾ 78 ശതമാനം ഫലപ്രാപ്‌തി കൊവിഷീൽഡിന് ഡെൽറ്റാ വൈറസിനോട് കുറവാണ്. ഒറ്റ ഡോസ് സ്വീകരിച്ചവരിലാണിത്. രണ്ട് ഡോസ് സ്വീകരിച്ചവരിൽ 66 ശതമാനമാണിത്.

Related News