മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു

  • 05/07/2021

മുംബൈ: ഭീമ കൊറേഗാവ് കേസിൽ വിചാരണകാത്തുകഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി(84) അന്തരിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകനാണ് മരണവിവരം ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് ശനിയാഴ്ച രാത്രി അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

തലോജ സെൻട്രൽ ജയിലിലായിരുന്ന സ്റ്റാൻ സ്വാമിയെ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് മേയ് 28-നാണ് രണ്ടാഴ്ചത്തെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ചികിത്സ പൂർത്തിയായിട്ടില്ലെന്ന് അഭിഭാഷകൻ മിഹിർ ദേശായ് ശനിയാഴ്ച കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് ജൂലായ് ആറുവരെ ആശുപത്രിയിൽ കഴിയാൻ ജസ്റ്റിസ് എസ്.എസ്. ഷിന്ദേയുടെയും എൻ.ജെ. ജമാദാറിന്റെയും ബെഞ്ച് അനുമതി നൽകിയിരുന്നു.

ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാർഷികത്തിൽ 2018 ജനുവരി ഒന്നിനുണ്ടായ സംഘർഷങ്ങളുമായും അതിനു മുന്നോടിയായിനടന്ന എൽഗാർ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് സ്റ്റാൻ സ്വാമിയെ കഴിഞ്ഞവർഷം ഒക്ടോബറിൽ റാഞ്ചിയിൽനിന്ന് എൻ.ഐ.എ. അറസ്റ്റു ചെയ്തത്. റാഞ്ചിയിൽ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുകയായിരുന്ന സ്വാമി ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുനൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Related News