വാക്സിനേഷന്‍ പുരോഗമിക്കുന്നു; കുവൈത്ത് കോവിഡ് പ്രതിരോധ ശേഷി കൈവരിക്കുന്നു

  • 06/07/2021

കുവൈത്ത് സിറ്റി : രാജ്യത്ത് വാക്സിനേഷന്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ വാക്സിനുകളുടെ ലഭ്യതയും അധിക വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കുന്നതും  വാക്സിനേഷൻ പരിപാടിയുടെ വേഗത ഗണ്യമായി വർദ്ധിപ്പിക്കാൻ കുവൈത്തിനെ  പ്രാപ്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. ഈ നിലയില്‍ വാക്സിനേഷന്‍ പുരോഗമിക്കുകയാണെങ്കില്‍ അടുത്ത മാസങ്ങളില്‍ തന്നെ രാജ്യം കോവിഡ് പ്രതിരോധ ശേഷി കൈവരിക്കുമെന്നാണ് കരുതപ്പെടുന്നത്. 189 ദിവസങ്ങളായി തുടരുന്ന വാക്സിനേഷന്‍ കാമ്പയിന്‍ പ്രതിദിനം ശരാശരി 12,568 പേര്‍ക്കെന്ന നിലയിലാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്. അവധി ദിവസങ്ങളില്‍ പോലും ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍  ഈ കാലയളവില്‍ വാക്സിനേഷന്‍ നല്‍കിയിട്ടുണ്ട്. 

ഏറ്റവും പുതിയ കണക്ക് പ്രകാരം 48 ശതമാനം പേര്‍ക്ക് ഒരു ഡോസും 31 ശതമാനം പേര്‍ക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകി.  രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനം ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുവാന്‍ 30 ലക്ഷം ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കേണ്ടതുണ്ട്.  സ്കൂളുകളില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്‍റെ ഭാഗമായി പന്ത്രണ്ട് മുതല്‍ പതിനഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്കും ഓഗസ്റ്റോടെ വാക്സിനേഷന്‍ ആരംഭിക്കും. ഈ വർഷത്തിന്റെ അവസാന പാദത്തിൽ മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകളുടെ വരവോടെ വാക്സിനേഷൻ നിരക്കില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ വൃത്തങ്ങള്‍ വ്യക്തമാക്കി. 

Related News