വിദേശത്ത് നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെ രജിസ്റ്റർ ചെയ്യാം

  • 06/07/2021

കുവൈത്ത് സിറ്റി:  വിദേശത്ത് നിന്നും സമ്പൂര്‍ണ്ണ  വാക്സിനേഷൻ സ്വീകരിച്ച പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ കുവൈത്തിന്  പുറത്ത് നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. കുവൈത്ത് അംഗീകൃത കോവിഡ് പ്രതിരോധ വാക്‌സിനുകളായ ഫൈസര്‍, ആസ്ട്രസേനെക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മോഡേണ തുടങ്ങിയ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ്  ഓഗസ്റ്റ് ഒന്നുമുതല്‍ പ്രവേശനാനുമതി നല്‍കുക. കുവൈത്ത് അംഗീകൃത വാക്‌സിനുകളിലൊന്നായ ആസ്ട്ര സെനേക്ക കമ്പനിയുടെ ഉല്‍പ്പന്നമാണ് കോവിഷീല്‍ഡെങ്കിലും കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിന്‍ പട്ടികയില്‍ കോവിഷീല്‍ഡ് എന്ന പേര് ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലാത്തത് ഇന്ത്യയില്‍ നിന്നും തിരികെ വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക്  ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

നാട്ടില്‍ നിന്നും പൂര്‍ണ്ണ വാക്സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാന്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങളാണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്.

  • താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക  ( https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx )
  • സിവിൽ ഐഡിയും ഇമെയില്‍ അഡ്രസും നല്‍കുക. തുടര്‍ന്ന് വെരിഫിക്കേഷന്‍ കോഡ്‌ എന്ന ബട്ടണില്‍ അമര്‍ത്തുക 
  • ഇമെയില്‍ അഡ്രസ്സില്‍ ലഭിക്കുന്ന  ഒറ്റത്തവണ ഉപയോഗിക്കുവാന്‍ സാധിക്കുന്ന പരിശോധന കോഡ് ടൈപ്പ് ചെയുക 
  • തുടര്‍ന്ന് വരുന്ന പേജില്‍ മൊബൈൽ നമ്പർ, വാക്സിനേഷൻ വിവരങ്ങൾ എന്നീവ പുരിപ്പിക്കുക 
  • പ്രതിരോധ കുത്തിവെപ്പ് നടത്തിയ രാജ്യത്ത് നിന്നും ലഭിച്ച വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുക. അപ്ലോഡ് ചെയ്യുന്ന ഡോക്യുമെന്റ് 500  എംബിയിൽ കൂടാത്ത പി.ഡി.എഫ് ഫോർമാറ്റിൽ ആയിരിക്കണം. 
  • മേല്‍ക്കൊടുത്തിരിക്കുന്ന  എല്ലാ വിവരങ്ങളും ശരിയാണെന്ന പ്രസ്താവന ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക. 
  • രജിസ്റ്റർ ചെയ്ത ശേഷം മൂന്ന് പ്രവർത്തി ദിവസത്തിനുള്ളില്‍ പൊതുജനാരോഗ്യ വകുപ്പിന്‍റെ  അംഗീകാരം ലഭിക്കും.
  • അപേക്ഷ അഗീകരിക്കുകയാണെങ്കില്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഇമ്മ്യൂണ്‍ ആപ്പ് ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ഡൌണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. 

ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ്  ഡൌണ്‍ലോഡ് ചെയ്യുവാനുള്ള ലിങ്ക് 

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ്  ഡൌണ്‍ലോഡ് ചെയ്യുവാനുള്ള ലിങ്ക്

ഇമ്മ്യൂണ്‍  അപ്ലിക്കേഷന്റെ പ്രയോജനങ്ങൾ:

  • രണ്ട് ഡോസ് എടുത്തവര്‍ക്ക് ആപ്പില്‍ പച്ചനിറവും ഒരു ഡോസ് എടുത്തവര്‍ക്ക് മഞ്ഞ നിറവും ആപ്പില്‍  തെളിയും. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ആപ്പില്‍ ലഭിക്കുന്ന ചുവപ്പ് നിറമായിരിക്കും.ഇമ്മ്യൂന്‍ ആപ്പില്‍  പച്ച, മഞ്ഞ നിറത്തിലുള്ളവര്‍ക്ക് മാത്രമേ വലിയ  മാളിലും റസ്റ്റോറന്റിലും സലൂണിലും ഹെല്‍ത്ത് ക്ലബിലും  പ്രവേശനത്തിന് അര്‍ഹതയുള്ളൂ. 
  • ഒരൊറ്റ ഡോസ് വാക്സിന്‍  സ്വീകരിച്ച്  14 ദിവസം കഴിയാത്തവരുടെ സ്റ്റാറ്റസ് വാക്സിനേറ്റഡ് എന്ന്  കാണിക്കുമെങ്കിലും ചുവപ്പ് നിറമായിരിക്കും പ്രദര്‍ശിപ്പിക്കുക.  
  • വിദേശത്ത് നിന്ന്  രാജ്യത്തേക്ക് എത്തുന്ന യാത്രികരുടെ  സ്റ്റാറ്റസ് ഗ്രീൻ ആണെങ്കിൽ അവരെ ഹോം ക്വാറൻറൈനിലേക്കും  റെഡ് സ്റ്റാറ്റസ് ആണെങ്കില്‍  ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറൈനിലേക്കും അയക്കും. 

Related News