ബോളിവുഡ് സൂപ്പര്‍താരം ദിലീപ് കുമാര്‍ അന്തരിച്ചു

  • 07/07/2021



മുംബൈ: ഇന്ത്യന്‍ സിനിമാ വേദിയിലെ സൂപ്പര്‍താരമായിരുന്ന ദിലീപ് കുമാര്‍ അന്തരിച്ചു.98 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജാ ആശുപ്ത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ജൂണ്‍ 30നാണ് ഹിന്ദുജാ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ബോളിവുഡ് നടിയായിരുന്ന സൈറാ ബാനുവാണ് ഭാര്യ.

1922ല്‍ പാകിസ്താനിലെ പെഷാവാറിലാണ് ജനിച്ചത്. മുഹമ്മദ് യൂസഫ് ഖാന്‍ എന്ന ദിലീപ് കുമാര്‍ ആറുപതിറ്റാണ്ട് സിനിമാ ലോകത്തെ സൂപ്പര്‍താരമായി വിരാജിച്ചു. രാജ്യം പദ്മഭൂഷണും സിനിമാ ലോകം ദാദാ സാഹേബ് ഫാല്‍കേ അവാര്‍ഡും നല്‍കി ആദരിച്ചു. രാജ്യസഭാ അംഗമായിരുന്നു.

ദേവദാസ്, മുഗള്‍ ഈ ആസം, ക്രാന്തി, ഗംഗാജമുനാ തുടങ്ങിയ ബോളിവുഡിലെ എക്കാലത്തേയും ഹിറ്റുകളിലെ നായകനായി ദിലീപ് കുമാര്‍ തിളങ്ങി. രാജ്കുമാര്‍, ദേവാനന്ദ്, ദിലീപ്കുമാര്‍ എന്നിവരെ ത്രിമൂര്‍ത്തികളായാണ് ഒരു കാലഘട്ടത്തില്‍ ബോളിവുഡ് വിശേഷിപ്പിച്ചത്.

1940 കളില്‍ ഇന്ത്യന്‍ സിനിമയിലെത്തിയ ദിലീപ് കുമാര്‍ സ്വാഭാവിക അഭിനയത്തിന് മിഴിവ് പകര്‍ന്ന നടനായിരുന്നു. വിഷാദ നായകനെന്ന വിശേഷണമാണ് ദിലീപിന് സിനിമാ ലോകം ചാര്‍ത്തിക്കൊടുത്തത്. അതേ സമയം ശക്തമായ സംഭാഷങ്ങള്‍കൊണ്ടും ദിലീപ് കുമാര്‍ അഭിനയരംഗത്ത് മാതൃകയായി. ഖില എന്ന സിനിമ അവസാന ചിത്രമായിരുന്നു.

Related News