വിദേശികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാനുള്ള നടപടിക്രമങ്ങൾ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍.

  • 07/07/2021

കുവൈത്ത് സിറ്റി : ഓഗസ്റ്റ് ഒന്നു മുതല്‍ കുവൈത്തിലേക്ക് വിദേശികള്‍ക്കു പ്രവേശിക്കാന്‍ അനുമതി സംബന്ധിച്ച വിശദമായ നടപടിക്രമങ്ങൾ ദിവസങ്ങൾക്കുള്ളിൽ അന്തിമമാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചു. എയർപോർട്ട് അധികൃതരും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകള്‍ നടക്കുകയാണെന്നും ഇത് സംബന്ധമായ തീരുമാനങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ കുവൈത്തിലേക്ക് പ്രവേശനം അനുവദിച്ച 3500 യാത്രക്കാരുടെ എണ്ണം 5,000 യാത്രക്കാരായി ഉയർത്തുന്നടക്കമുള്ള തീരുമാനങ്ങള്‍ ചര്‍ച്ചയിലാണ്. 30 ശതമാനം വിമാന  സർവ്വീസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക

കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഫൈസര്‍, ഓക്‌സ്‌ഫോര്‍ഡ്, മോഡേണ,ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കോവിഡ് വാക്സിന്‍ രണ്ടു ഡോസ് എടുത്ത വിദേശികള്‍ക്കു മാത്രമാണ് പ്രവേശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. വിദേശത്ത് നിന്നും വാക്സിനേഷന്‍ സ്വീകരിച്ചവര്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുവാനുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധയില്ലെന്ന് വ്യക്തമാക്കുന്ന യാത്രയുടെ തൊട്ട് മുമ്പായി (72 മണിക്കൂർ മുമ്പ്) എടുത്ത പി‌സി‌ആർ പരിശോധ ഫലവും തുടര്‍ന്ന് ഏഴു ദിവസത്തെ ഹോം ക്വാറൻറൈൻ കാലയളവിൽ രണ്ടാമത്തെ പി‌സി‌ആർ പരിശോധനയും നടത്തണം. അതിനിടെ ഇന്ത്യയിലെ  കൊമേഴ്ഷ്യൽ വിമാനസർവ്വീസുകള്‍ തുടങ്ങുന്നത്   ഈ മാസം അവസാനം വരെ നീട്ടിയത് പ്രവാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചാൽ അവധിക്ക് നാട്ടിൽ പോയവർക്ക് തിരിച്ച് വരാനാകും. 

Related News