ജാബര്‍ ബ്രിഡ്ജ് വാക്സിനേഷന്‍ സെന്‍ററില്‍ പ്രതിദിനം 6000 പേര്‍ക്ക് വാക്സിന്‍ നൽകുന്നു.

  • 07/07/2021

കുവൈത്ത് സിറ്റി: ജാബര്‍ കോസ്‍വേ  വാക്സിനേഷന്‍ സെന്‍ററില്‍ പ്രതിദിനം 5000ത്തിനും 6000ത്തിനും ഇടയില്‍ ആളുകള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നു. കാലാവസ്ഥ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വൈകുന്നേരം അഞ്ച് മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. 

കടുത്ത ചുടിന്‍റെ അന്തരീക്ഷത്തിലും സെന്‍ററിന്‍റെ ജീവനക്കാര്‍ കഠിനമായ പ്രയത്നമാണ് നടത്തുന്നത്. വാക്സിനേഷനായി എത്തുന്നവരെ ബുദ്ധിമുട്ടിക്കാതെ എളുപ്പത്തില്‍ വന്നു പോകാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. വാക്സിനേഷനായി എത്തുന്നവര്‍ അവര്‍ക്ക് അനുവദിച്ച സമയത്തിന് കുറച്ച് മുമ്പായി മാത്രം എത്തണമെന്ന് അഡ്മിനിസ്ട്രേറ്റീവ് സൂപ്പര്‍വൈസര്‍ ദലാല്‍ അല്‍ അജ്മി പറഞ്ഞു. 

ആറ് മണിക്ക് എത്തേണ്ടവര്‍ നാല് മണിക്ക് തന്നെ എത്തുന്ന സാഹചര്യമുണ്ട്. കനത്ത ചൂടില്‍ രണ്ട് മണിക്കൂര്‍ കാത്ത് നിന്ന ശേഷം വാക്സിനേഷന്‍ പോയിന്‍റിലെത്തുമ്പോള്‍ അവര്‍ പരാതിപ്പെടുകയാണെന്നും അല്‍ അജ്മി കൂട്ടിച്ചേര്‍ത്തു.

20 ഡ്രൈവ് ത്രൂ ബൂത്തുകളിൽ ഒരു സമയം എട്ട് കാറുകൾക്ക് വരെ പ്രവേശിക്കാം. നാല് മിനിറ്റിനുള്ളിൽ 80 പേർക്ക് വരെ വാക്സിൻ നൽകാം. രാജ്യത്തെ വാക്സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ പരിശ്രമഫലങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു സെന്‍റര്‍ പ്രവർത്തിക്കുന്നത് 

Related News