ഫറാ അക്ബറിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളിക്ക് വധശിക്ഷ.

  • 07/07/2021

കുവൈത്ത് സിറ്റി: ഫറാ അക്ബറിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളിക്ക് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. മുന്‍കൂട്ടി തീരുമാനിച്ച കൊലപാതകം എന്ന് വ്യക്തമാക്കിയാണ് കൗണ്‍സിലര്‍ ഫൈസല്‍ അല്‍ ഹര്‍ബി നേതൃത്വം നല്‍കുന്ന കോടതി കുറ്റവാളിക്ക് ശിക്ഷ വിധിച്ചത്. 

ഇരയുടെ പവിത്രമായ അവകാശങ്ങള്‍ പ്രതി നഷ്ടപ്പെടുത്തിയെന്നും ദയ ലഭിക്കാന്‍ അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ ശരിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 

കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ പ്രതി യുവതിയുടെ കാറില്‍ ഒരു ജിപിഎസ് ട്രാക്കിംഗ് ഉപകരണം സ്ഥാപിച്ച് പിന്തുടര്‍ന്നിരുന്നതായും കണ്ടെത്തി. ഏപ്രില്‍ 20-നാണ് സംഭവം നടന്നത്. ഇയാള്‍ യുവതിയുടെ കാറില്‍ ഇടിച്ച്, യുവതിയെയും, അവരുടെ പെണ്‍മക്കളെയും സബ അല്‍ സലേം പരിസരത്ത് വച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു.

മക്കളുടെ മുമ്പില്‍ വച്ച് യുവതിയുടെ നെഞ്ചില്‍ പലതവണ കുത്തിയ ശേഷം, യുവതിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. നേരത്തെ തന്നെ തട്ടിക്കൊണ്ടിപോകാനും, കൊലപ്പെടുത്താനും ശ്രമിച്ചതായി കാണിച്ച് ഇയാള്‍ക്കെതിരെ ഫറാ അക്ബര്‍ രണ്ട് കേസുകൾ നല്‍കിയിരുന്നു. കൊലപാതകത്തെ തുടർന്ന് കുവൈത്തിൽ വലിയ പ്രതിഷേധങ്ങളും നടന്നിരുന്നു. 

Related News