രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണി ഇന്ന്

  • 07/07/2021


ന്യൂഡെൽഹി: രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണി ഇന്ന് വൈകുന്നേരം ആറിന് നടക്കും. 43 പുതിയ മന്ത്രിമാർ ഇന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖർ മന്ത്രിയാവും. സീനിയർ മന്ത്രിമാർ ഉൾപ്പെടെ ഒട്ടേറെപ്പേർ പുനഃസംഘടനയിൽ പുറത്താവും എന്നാണ് സൂചന. തൊഴിൽ മന്ത്രി സന്തോഷ് ഗാങ്വാർ, വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ നിശാങ്ക്, വനിതാ ശിശുക്ഷേമ മന്ത്രി ദേബശ്രീ ചൗധരി എന്നിവർ പുനഃസംഘടനയ്ക്കു മുമ്പായി രാജിവച്ചു.

ആരോഗ്യമന്ത്രി ഹർഷ വർധൻ, രാസവളം മന്ത്രി സദാനന്ദ ഗൗഡ, ടെക്‌സ്‌റ്റൈൽ മന്ത്രി സ്മൃതി ഇറാനി എന്നിവരെ ഒഴിവാക്കുമെന്നാണ് സൂചനകൾ. കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ കാബിനറ്റ് പദവിയോടെ മന്ത്രിസഭയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അസമിൽനിന്നുള്ള സർബാനന്ദ സോനോവാൾ, മഹാരാഷ്ട്രയിൽനിന്നുള്ള നാരായൺ റാണെ എന്നിവരും കാബിനറ്റ് മന്ത്രിമാരാവും.
 
ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിനു കാബിനറ്റ് പദവി നൽകുമെന്ന് സൂചനകളുണ്ട്. താക്കൂർ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ജി കിഷൻ റെഡ്ഡിക്കും സ്ഥാനക്കയറ്റം ലഭിക്കും. ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി, കർണാടകയിൽനിന്നുള്ള ശോഭാ കരന്തലജെ എന്നിവരും പ്രധാനമന്ത്രിയെ കാണാൻ എത്തിയതോടെ അവർ മന്ത്രിയാവുമെന്ന് വ്യക്തമായിട്ടുണ്ട്.

അപ്‌നാ ദൾ നേതാവ് അനുപ്രിയ പട്ടേൽ, കപിൽ പാട്ടീൽ, അജയ് ഭട്ട്, ഭൂപേന്ദർ യാദവ്, പ്രീതം മുണ്ടെ, പരുപതി പരസ്, സുനിത ദുഗ്ഗൽ, അശ്വിനി യാദവ്, ബിഎൽ വർമ, ശന്തനു താക്കൂർ എന്നിവരും പ്രധാനമന്ത്രിയെ കാണാനെത്തി. ജെഡിയുവിൽനിന്ന് ആർപി സിങ്, ലാലൻ സിങ് എന്നിവർ മന്ത്രിമാരാവും.

Related News