കർഫ്യു , വിമാനത്താവളം അടച്ചിടൽ; നിലവില്‍ പദ്ധതിയില്ല, കോവിഡ് വ്യാപനം തടയാൻ ശക്തമായ നടപടികൾ കൈക്കൊള്ളും.

  • 08/07/2021

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊറോണയെ നേരിടുന്നതിനുള്ള മന്ത്രിതല കമ്മിറ്റിയുടെ ഇന്നത്തെ യോഗം അതിനിര്‍ണായകം. രാജ്യത്തെ കൊവിഡ് സാഹചര്യത്തെ കുറിച്ച് കമ്മിറ്റി ചര്‍ച്ച ചെയ്യും. ഒപ്പം നിര്‍ദേശങ്ങള്‍ മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കും. 

നിലവിലെ അവസ്ഥ പ്രവചനാതീതം ആയി മാറിയിരിക്കുകയാണ്. പ്രതിദിനം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. എന്നാലും സ്ഥിതി വഷളാകുന്ന അവസ്ഥയിലും വിമാനത്താവളം പൗരന്മാര്‍ക്ക് മുന്നില്‍ അടയ്ക്കില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യ സംവിധാനത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടിയുള്ള മറ്റ് നടപടികളും കൊറോണയെ നേരിടുന്നതിനുള്ള മന്ത്രിതല കമ്മിറ്റിയുടെ ശുപാര്‍ശകളിലുണ്ടാകുമെന്നാണ് സൂചനകള്‍. ഇതിനിടെ ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നു. 

നിലവില്‍ ഈ തീരുമാനത്തില്‍ മാറ്റമില്ലെങ്കിലും ആവശ്യത്തിന് സമയം ഉള്ളതിനാല്‍ അവലോകനത്തിന് സമയം ഉണ്ടെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യത്തില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഏത് തീരുമാനവും പുനപരിശോധിച്ചേക്കുമെന്നാണ് വൃത്തങ്ങള്‍ സൂചന നല്‍കുന്നത്.

അതേസമയം, രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്താൻ നിലവിൽ തീരുമാനമില്ലെന്നും,കോവിഡ് വ്യാപനം തടയാൻ മറ്റു എല്ലാ വഴികളും ഉപയോഗിക്കാനാണ് പദ്ധതിയെന്നും മന്ത്രിതല വൃത്തങ്ങൾ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.   കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും,  പ്രതിരോധ നടപടികളിൽ ഒന്നാണ് വാക്സിനുകൾ നൽകുന്നത് എന്നും സ്രോതസ്സ് ചൂണ്ടിക്കാട്ടി, ആഗോളതലത്തിൽ വാക്സിനുകളുടെ ക്ഷാമം കുവൈത്തിൽ പ്രതിഫലിക്കുന്നു, നിലവിൽ വാക്‌സിന്റെ സ്റ്റോക്കിൽ കുറവുണ്ട്, പക്ഷേ വാക്സിൻ വരുന്ന ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വലിയ തോതിൽ കുവൈത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 

Related News