ഇന്ത്യയിൽ വീണ്ടും ആശങ്കയായി കാപ്പ വകഭേദം

  • 10/07/2021

ന്യൂഡെൽഹി: രാജ്യത്ത് ആശങ്കയായി മറ്റൊരു കൊറോണ വകഭേദം കൂടെ എത്തിയിരിക്കുകയാണ്. കാപ്പ വകഭേദം ഉത്തർപ്രദേശിൽ രണ്ട് പേർക്ക് സ്ഥിരീകരിച്ചതായി യുപി സർക്കാർ വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ലഖ്‌നൗവിലെ കിംഗ് ജോർജ്ജ്സ് മെഡിക്കൽ കോളേജിൽ ജീനോം സീക്വൻസിങ് നടത്തിയ 109 സാമ്പിളുകളിൽ 107 എണ്ണത്തിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയപ്പോൾ രണ്ട് സാമ്പിളുകളിൽ കാപ്പ വേരിയന്റ് കണ്ടെത്തിയതായി പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ച രണ്ട് കൊറോണ വൈറസ് വകഭേദങ്ങളിലൊന്നാണ് കാപ്പ എന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) പറയുന്നു. ഡെൽറ്റ വകഭേദം ആണ് ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിച്ച ആദ്യ വകഭേദം. സാർസ് കോവി 2 വൈറസിന്റെ ബി 1.617.1 വകഭേദത്തിനെ “ഇന്ത്യൻ വകഭേദം” എന്ന് മാധ്യമങ്ങൾ അടക്കം വിളിക്കുന്നതിൽ ഇന്ത്യ എതിർപ്പ് ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ബി 1.617.1 വകഭേദത്തെ ഡെൽറ്റ വകഭേദം എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്തിരുന്നു. ഒപ്പം ഈ വകഭേദത്തെ കാപ്പ എന്നും നാമകരണം ചെയ്തു.

ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങൾ ഉപയോഗിച്ചാണ് കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾക്ക് പേരിടുന്നത്. “പേര് മാറ്റിയാലും അവയുടെ ശാസ്ത്രീയനാമങ്ങൾ മാറില്ല, അവ പ്രധാനപ്പെട്ട ശാസ്ത്രീയ വിവരങ്ങൾ‌ നൽ‌കുന്നു, മാത്രമല്ല ഗവേഷണത്തിൽ ആ പേര് ഉപയോഗിക്കും. കൊറോണ വകഭേദങ്ങളെ അവ കണ്ടെത്തിയ സ്ഥലങ്ങളുടെ പേരിൽ വിളിക്കുന്നത് തടയുകയാണ് നാമകരണ സംവിധാനം ലക്ഷ്യമിടുന്നത്. അത്തരത്തിൽ വിളിക്കുന്നത് അപകീർത്തികരവും വിവേചന പരവുമാണ്,” എന്നാണ് മെയ് 31 ന് പുതിയ നാമകരണ രീതി പ്രഖ്യാപിച്ചപ്പോൾ ലോകാരോഗ്യ സംഘടന ട്വീറ്റ് ചെയ്തത്.
 
കൊറോണയുടെ പുതിയ വകഭേദമല്ല കാപ്പ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 2020 ഒക്ടോബറിലാണ് ഈ വകഭേദത്തെ ആദ്യമായി ഇന്ത്യയിൽ തിരിച്ചറിഞ്ഞത്. “രണ്ട് വേരിയന്റുകളും (കാപ്പ, ഡെൽറ്റ പ്ലസ്) സംസ്ഥാനത്തിന് പുതിയതല്ല.” കാപ്പ വകഭേദത്തെക്കുറിച്ച്‌ അന്വേഷിച്ചപ്പോൾ യുപി അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞത് ഈ വകഭേദം ബാധിച്ച കേസുകൾ നേരത്തേയും സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ടെന്നാണ്,” രണ്ട് കൊറോണ കേസുകൾ കണ്ടെത്തിയ ശേഷം യുപി സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഏപ്രിൽ നാലിന് രേഖപ്പെടുത്തിയ കാപ്പ വകഭേദത്തെ ഇപ്പോഴും ലോകാരോഗ്യ സംഘടനയുടെ ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റ്’ എന്ന വിഭാഗത്തിലാണ് പട്ടികപ്പെടുത്തിയത്.

Related News