കോയമ്പത്തൂര്‍ ആസ്ഥാനമായി 'കൊങ്കു നാട്' കേന്ദ്രഭരണ പ്രദേശം രൂപീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; തമിഴ്‌നാട്ടില്‍ പ്രതിഷേധം

  • 11/07/2021




ചെന്നൈ: ദ്രാവിഡ രാഷ്ട്രീയ മേല്‍ക്കോയ്മയ്ക്ക് അന്ത്യം കുറിക്കാന്‍ തമിഴ്‌നാടിനെ വിഭജിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം കോയമ്പത്തൂര്‍ ആസ്ഥാനമായി 'കൊങ്കു നാട് ' എന്ന കേന്ദ്രഭരണ പ്രദേശം രൂപീകരിക്കാന്‍ നീക്കം നടക്കുന്നെന്ന വാര്‍ത്തകള്‍ ഇന്ന് പുറത്തുവന്നിരുന്നു. ഇതിനെതുടര്‍ന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ച ദിനപത്രങ്ങള്‍ തമിഴ് സംഘടനകള്‍ കത്തിച്ചു. കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.ഡി.കെ പ്രതിഷേധ മാര്‍ച്ച് നടത്തി. സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുമ്‌ബോഴും കോയമ്ബത്തൂര്‍ ആസ്ഥാനമായി പുതിയ സംസ്ഥാനം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി ഉള്‍പ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്നാണ് തമിഴ് ദിനപത്രങ്ങളിലെ റിപ്പോര്‍ട്ട്. കൊങ്കുമേഖലയില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി എല്‍.മുരുകന് ഇതിന്റെ ചുമതല നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍. മുരുകനെ കൊങ്കുനാട്ടില്‍ നിന്നുള്ള മന്ത്രിയെന്നും പുതിയ അദ്ധ്യക്ഷന്‍ അണ്ണാമലൈയെ കൊങ്കുനേതാവെന്നുമാണ് ബി.ജെ.പി വിശേഷിപ്പിച്ചിരുന്നത്.

ഇതേ ആവശ്യം ഉന്നയിച്ച് ബി.ജെ.പി തമിഴ്‌നാട് ഉപാദ്ധ്യക്ഷന്‍ കാരൂര്‍ നാഗരാജന്‍ രംഗത്തെത്തി. കോയമ്പത്തൂരും, ചെന്നൈയും തലസ്ഥാനങ്ങളാക്കി രണ്ട് സംസ്ഥാനം രൂപീകരിക്കണമെന്നാണ് ആവശ്യം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിറുത്തിയാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. അണ്ണാ ഡി.എം.കെയ്ക്ക് ശക്തമായ സ്വാധീനമുള്ള ഇടമാണ് കൊങ്കുമേഖല. നിലവില്‍ പത്തു ലോക്‌സഭ മണ്ഡലലങ്ങളും, 61 നിയമസഭ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങള്‍കൂടി ചേര്‍ത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാന്‍ ചര്‍ച്ച നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ തമിഴ്‌നാട്ടിനെ വിഭജിച്ച് ഭരിക്കാനുള്ള നീക്കം അനവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലുടനീളം പ്രതിഷേധം ഉയരുകയാണ്. പ്രതിഷേധങ്ങള്‍ക്കിടെ അണ്ണാഡി.എം.കെയുടെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ടി,?വെങ്കടാചലവും അനുയായികളും ഡി.എം.കെയില്‍ ചേര്‍ന്നു.

Related News