അറുപത് വയസ്സ് കഴിഞ്ഞ വിദേശികളുടെ താമസരേഖ പുതുക്കല്‍; വാണിജ്യ വ്യവസായ വകുപ്പിന്‍റെ തീരുമാനത്തിന് വിട്ടു

  • 11/07/2021

കുവൈത്ത് സിറ്റി : അറുപത് വയസ്സ് കഴിഞ്ഞ വിദേശികളുടെ  താമസരേഖ പുതുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വാണിജ്യ വ്യവസായ വകുപ്പിന്‍റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധമായി പ്രധാന നിര്‍ദ്ദേശങ്ങള്‍  പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കൈമാറി. താമസ രേഖ പുതുക്കുന്നതിന് ആവശ്യമായ ആരോഗ്യ ഇൻഷുറൻസും അതോടപ്പം റെസിഡൻസി പുതുക്കുന്നതിനായി ഒരു വര്‍ഷത്തേക്ക്  രണ്ടായിരം ദിനാറോ അതല്ലെങ്കില്‍ ആയിരം ദിനാറോ  ഫീസും ഈടാക്കാമെന്നാണ് പാം സമര്‍പ്പിച്ച പ്രധാന നിര്‍ദ്ദേശം. വാണിജ്യ വ്യവസായ വകുപ്പിന്‍റെ അംഗീകാരം  അനുസരിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.നിലവില്‍   60 വയസ് തികഞ്ഞവര്‍ക്ക്  മൂന്ന് മാസത്തേക്കുള്ള താൽക്കാലിക റസിഡൻസ് പെർമിറ്റാണ് അനുവദിക്കുന്നത്. 

രാജ്യത്തിന്‍റെ പൊതുനന്മയും വിപണിയുടെ ആവശ്യവും കണക്കിലെടുത്താണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും ബാധ്യതകളും അവകാശങ്ങളും പരിഗണിച്ചുള്ള മാറ്റങ്ങളായിരിക്കും നിയമങ്ങളിൽ വരുത്തുക.അതോടപ്പം സ്വദേശിവല്‍ക്കരണ ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിനും രാജ്യത്തിന്‍റെ വികസന ലക്ഷ്യത്തില്‍ യുവജന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതും ഇത്തരം നടപടികള്‍ ആവശ്യമാണെന്ന്  പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അറുപത് വയസ്സ് തീരുമാനം നടപ്പിലായതോടെ ആയിരക്കണക്കിന് പ്രവാസികളെയാണ് ബാധിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി കുവൈത്തില്‍ ജീവിക്കുന്ന നൂറുക്കണക്കിന് മലയാളികളുടെ ഭാവി പുതിയ തീരുമാനത്തോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Related News