വിദേശങ്ങളില്‍ കുടുങ്ങിയ ആരോഗ്യ ജീവനക്കാരെ കൊണ്ടുവരുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം.

  • 11/07/2021

കുവൈത്ത് സിറ്റി : യാത്ര നിരോധനത്തെ തുടര്‍ന്ന് വിദേശങ്ങളില്‍ കുടങ്ങി കിടക്കുന്ന ഡോക്ടർമാർ,  നഴ്സുമാർ, പാരാമെഡിക്കൽ സ്​റ്റാഫുകൾ, ആംബുലൻസ് സർവീസ് സ്​റ്റാഫ്, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് രാജ്യത്തേക്ക് മടങ്ങാനും പ്രവേശിക്കാനും അനുവദിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മന്ത്രിസഭ യോഗത്തില്‍ ആവശ്യപ്പെട്ടതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ പല ആശുപത്രികളിലും ആവശ്യത്തിന് ആരോഗ്യ ജീവനക്കാര്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്. ഐസിയു ഉൾപ്പെടെയുള്ളവ കൈകാര്യം ചെയ്യാനുള്ള വിദഗ്ധ പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരുടെ കുറവ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും വിദേശങ്ങളില്‍ കുടുങ്ങിയവരെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി   ഡോ. മുസ്തഫ റെഡ ആവശ്യപ്പെട്ടു. മതിയായ തോതിൽ ആരോഗ്യ പ്രവർത്തകരെ ലഭ്യമല്ലാത്ത സ്ഥിതി തുടര്‍ന്നാല്‍ വാക്സിനേഷന്‍ കാമ്പയിന്‍ അവതാളത്തിലാകുമെന്ന ആശങ്കയുമുണ്ട്. 

നേരത്തെ ആരോഗ്യ പ്രവര്‍ത്തകരെ ഘട്ടം ഘട്ടമായി കുവൈറ്റിലെത്തിക്കാന്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചെങ്കിലും ഇപ്പോയും ആയിരക്കണക്കിന് ജീവനക്കാര്‍ മടങ്ങി വരാനാകാതെ നാട്ടില്‍  കുടുങ്ങി കിടക്കുകയാണ്. ഇതില്‍ പലരുടെയും വിസ കാലാവധി കഴിയാറായിട്ടുണ്ട്. പലരുടെയും കുടുംബം കുവൈത്തിലാണുള്ളത്​. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നാട്ടിലെത്തി, മാർച്ചിൽ തിരികെ​ മടങ്ങി വരേണ്ടിയിരുന്നവരാണ് ഇവരിൽ ഏറെയും. അതിനിടെ  ജീവനക്കാരുടെ കുറവ് കാരണം കനത്ത ജോലി സമ്മർദമാണെന്നും 12 മണിക്കൂറോളം തുടർച്ചയായി ജോലി ചെയ്യേണ്ട അവസ്ഥയിലാലാണെന്നും മണിക്കൂറുകളോളം പി.പി.ഇ കിറ്റിനുള്ളിൽ തന്നെ കഴിച്ചുകൂട്ടുന്നതിനാൽ ഭക്ഷണം ഉൾപ്പടെ പ്രാഥമികാവശ്യങ്ങൾ പോലും യഥാസമയത്ത് നിർവഹിക്കാനാവാതെ പ്രയാസപ്പെടന്നതായും ആരോഗ്യ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. 

Related News