സ്കൂൾ തുറക്കൽ ; വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാര്‍ലിമെന്‍റ് സമിതി ചര്‍ച്ച ചെയ്തു

  • 11/07/2021

കുവൈത്ത് സിറ്റി : രാജ്യത്ത് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രയലയത്തിന്‍റെ ശുപാര്‍ശകള്‍ പാര്‍ലിമെന്‍റ്  വിദ്യാഭ്യാസ സമിതി ചര്‍ച്ച ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ ഒരു വർഷത്തിലേറെയായി സ്കൂളുകൾ പൂട്ടിക്കിടക്കുകയാണ്. കഴിഞ്ഞ മാസമാണ് സെപ്റ്റംബറിൽ കുവൈത്തിലെ സ്കൂളുകൾ തുറക്കുവാന്‍ മന്ത്രാലയം തീരുമാനിച്ചത്. കുട്ടികളുടെ ആരോഗ്യ സുരക്ഷ സംബന്ധിച്ച് കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കാൻ തീരുമാനമെടുത്തത്. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് സ്കൂളില്‍ ക്ലാസുകള്‍ ആരംഭിക്കുക, സ്കൂളിലെ പഠന ക്ലാസുകളും  ഓണ്‍ലൈന്‍ ക്ലാസുകളും ഒരുമിച്ച് കൊണ്ട് പോവുക, ഓൺലൈൻ പഠനം മാത്രമായി  തുടരുക തുടങ്ങിയ മൂന്ന് നിര്‍ദ്ദേശങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ധേശിച്ചതെന്ന് പാര്‍ലിമെന്‍റ് സമിതി വെളിപ്പെടുത്തി. രാജ്യത്തെ വിദ്യാഭ്യാസ പ്രവര്‍ത്തകരുമായും ആരോഗ്യ സുരക്ഷാ മന്ത്രാലയങ്ങളുമായും   ഇത് സംബന്ധമായ ചര്‍ച്ചകള്‍ തുടരുമെന്നും അന്തിമ തീരുമാനം വലിയ പെരുന്നാളിന് ശേഷം എടുക്കുമെന്നും സമിതി അംഗങ്ങള്‍ അറിയിച്ചു. 

രാജ്യത്തെ 684 സ്‌കൂളുകളിലായി 3,80,000 വിദ്യാര്‍ത്ഥികളാണ്  പഠിക്കുന്നത്.  ഇതുവരെ 3,77,069 വിദ്യാര്‍ഥികളാണ് പുതിയ അധ്യായന വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.. സൂചനകള്‍ അനുസരിച്ച്  ഒരു ക്ലാസിൽ 25 കുട്ടികൾ എന്ന തോതിലാകും സൗകര്യപ്പെടുത്തുക. കോവിഡ് വ്യാപന പശ്ചാത്തലത്തിലുള്ള മുൻ‌‌കരുതലുകളെല്ലാം ഉറപ്പാക്കും. കെജി ക്ലാസുകളും1,2 ഗ്രേഡുകളും സെപ്റ്റംബർ 19ന് തുടങ്ങും.പ്രൈമറി ഗ്രേഡിൽ മറ്റ് ക്ലാസുകൾ തുടർദിവസങ്ങളിൽ ആരംഭിക്കും.ഇന്റർമീഡിയറ്റ് ക്ലാസുകൾ 26നാണ് തുടങ്ങുക.സെക്കൻഡറി ക്ലാസുകൾ ആരംഭിക്കുന്നത് ഒക്ടോബർ 3ന് ആയിരിക്കും . അതിനിടെ കര്‍ശനമായ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന സ്കൂളുകൾക്ക് മാത്രമെ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകൂവെന്നും ആരോഗ്യമന്ത്രാലയം ഹെൽത്ത് ഗൈഡ് എല്ലാ സ്കൂളുകളിലും വിതരണം ചെയ്യുമെന്നും  വിദ്യാഭ്യാസ മന്ത്രലായം അറിയിച്ചു.  

Related News