കുവൈത്തിൽ ഇന്ത്യൻ ഡെലിവറി ഡ്രൈവറുടെ കൊലപാതകം, പ്രതിയെ പിടികൂടി.

  • 11/07/2021

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ന് രാവിലെ നടന്ന ഇന്ത്യക്കാരന്റെ കൊലപാതകത്തിൽ കുവൈറ്റ് പോലീസ് പ്രതിയെ പിടികൂടി. മരണപ്പെട്ടത് കുവൈത്തിൽ എക്സ് സെവൻ മൊബൈൽ കമ്പനി ഡെലിവറി  ജോലിക്കാരനായ ജോസി  ബാഷ ഷെയ്ഖ്  (41 ) ആണ് . ഹോം ഡെലിവറി സര്‍വ്വീസില്‍ ജോലി ചെയ്യുന്ന ബാഷ ഷെയ്ഖ് മരിച്ച നിലയില്‍ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.അബു ഫത്തിറ പ്രദേശത്തെ  കുവൈത്തി പൗരന്‍റെ വീട്ടില്‍ ചോരയില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. 

കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് പാഞ്ഞെത്തി. ആക്രമണം നടന്നതിന്‍റെ അടയാളങ്ങോടെ 41 വയസുള്ള ഇന്ത്യക്കാരന്റെ  മൃതദേഹം വീടിനുള്ളില്‍ പുറം തിരിഞ്ഞ് കിടക്കുകയായിരുന്നു. 

ശക്തമായ തിരച്ചിലിനൊടുവിൽ  കൊലയാളിയെ പിടികൂടാൻ  ക്രിമിനൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു, പ്രതി ഡിറ്റക്ടീവുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കീഴ്പെടുത്തി  അന്വേഷണ ഓഫീസിലേക്ക് മാറ്റുകയും കൊലപാതക  കാരണങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. 

മൊബൈൽ ഫോൺ കമ്പനിയിലെ ഡെലിവറി ഡ്രൈവറായ ബാഷ ഷെയ്ഖ് 150 ദിനാർ വിലമതിക്കുന്ന ഒരു ഇലക്ട്രിക് സ്കൂട്ടർ എത്തിക്കുന്നതിനായി അബു ഫത്തിറ പ്രദേശത്തെ  കുവൈത്തി പൗരന്‍റെ വീട്ടില്‍  എത്തുകയും, സ്വദേശി സ്കൂട്ടറിന്റെ വില നൽകാൻ വിസമ്മതിക്കുകയും, തുടർന്നുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. തിരിച്ചു പോകാൻ കൂട്ടാക്കാത്ത ഡ്രൈവറെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ചതാണ് മരണം കാരണമെന്നും താൻ ഡ്രൈവറെ കൊല്ലണമെന്നുള്ള ഉദ്ദേശത്തിലല്ല തലക്കടിച്ചതെന്നും പ്രതി   ക്രിമിനൽ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. 

മയക്കുമരുന്ന്, ആക്രമണ കേസുകളിലെ കുറ്റവാളിയാണ് പ്രതി  എന്നും രാജ്യത്തിന് പുറത്തേക്കു രക്ഷപ്പെടാതിരിക്കാൻ എല്ലാ തുറമുഖങ്ങളിലേക്കും സുരക്ഷാ കേന്ദ്രങ്ങളിലേക്കും ഇയാളുടെ വിവരങ്ങൾ അയച്ചുവെന്നും,   കുറ്റകൃത്യം നടത്തിയ ഉടൻ തന്നെ ഒളിവിൽ പോയതായും സുരക്ഷാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.  

  


Related News