സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് 20 മരണം

  • 12/07/2021



ജയ്പൂര്‍: രാജസ്ഥാനില്‍ മിന്നലേറ്റ് കുട്ടികളടക്കം മരിച്ചവരുടെ എണ്ണം 20 ആയി. ഞായറാഴ്ച്ചയാണ് രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ ശക്തമായ മിന്നലുണ്ടായത്. പതിനേഴോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്ററില്‍ കുറിച്ചു.

മരിച്ചവരില്‍ പതിനൊന്ന് പേര്‍ ജയ്പൂരിലാണ്. മൂന്ന് പേര്‍ ധോല്‍പൂരിലും നാലുപേര്‍ കോട്ട ജില്ലയിലുമുള്ളവരാണ്. ബറാന്‍, ഝല്‍വാര്‍ എന്നിവിടങ്ങളിലാണ് രണ്ടുപേര്‍ മരിച്ചത്. പതിനേഴ് പേര്‍ക്കാണ് മിന്നലേറ്റ് പൊള്ളലേറ്റത്. ഇവര്‍ ജയ്പൂരിലെ സവായ് മാന്‍സിംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. 
selfi.JPG

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെലോട്ട് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ലക്ഷം അടിയന്തര ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുമാണ് നല്‍കുക.

ശക്തമായ മഴയായിരുന്നു രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം. ഇതിന് പിന്നാലെയാണ് ഇടിമിന്നലുണ്ടായത്. മരിച്ചവരില്‍ ഏഴ് പേര്‍ കുട്ടികളാണ്. പരിക്കേറ്റവരിലും കൂടുതല്‍ കുട്ടികളാണ്. ജയ്പൂരിലെ ആമേര്‍ മേഖലയിലാണ് 11 പേര്‍ മരിച്ചത്. കാഴ്ച്ചകള്‍ കാണാന്‍ ഒരുക്കിയ ടവറില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്. വിനോദസഞ്ചാരികളും പ്രദേശവാസികളുമാണ് ഇവിടെ അപകടത്തില്‍പെട്ടത്.

അതേസമയം, മധ്യപ്രദേശിലും കഴിഞ്ഞ ദിവസമുണ്ടായ മിന്നലില്‍ ഏഴ് പേര്‍ മരണപ്പെട്ടു. ഷിയോപൂര്‍, ഗ്വാളിയാര്‍, ശിവപുരി ജില്ലകളിലാണ് അപകടമുണ്ടായത്. ഷിയോപൂരില്‍ രണ്ട് പേരും ഗ്വാളിയാറില്‍ രണ്ടുപേരും മരിച്ചു. ശിവപുരി, അനുപ്പൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവും മിന്നലേറ്റ് മരിച്ചു.

Related News